ബെംഗളൂരു: അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍  കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്‌ക്കെതിരായ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ(എസിബി) അന്വേഷണം കര്‍ണടക ഹൈക്കോടതി സ്റ്റേ ചെയ്തു. 

അഴിമതി നിരോധന നിയമപ്രകാരം കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തിയത്. 

എസിബിയുടെ പ്രാഥമിക അന്വേഷണത്തില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതി ലഭിച്ച ശേഷം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം നേരിട്ടത് എസിബിയുടെ ഉദ്യേശശുദ്ധിക്ക് കരിനിഴല്‍ വീഴ്ത്തുന്നുണ്ടെന്ന് കോടതി അറിയിച്ചു.  

കോണ്‍ഗ്രസ് സര്‍ക്കാര്‍ എസിബിയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് യെഡിയൂരപ്പ ആരോപിച്ചു. കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ ആദായ നികുതി തിരച്ചില്‍ നടത്തിയതിനുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

യെഡിയൂരപ്പയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി തേടിയിരുന്നില്ലെന്നും കോടതി വിലയിരുത്തി. 

ബി.എസ്. യെഡിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന 2008-11 കാലഘട്ടത്തില്‍ അനധികൃതമായി 257 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയെന്നാണ് കേസ്.