ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമഗ്രമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ഗ്രൂപ്പ് 22-നെ അനുനയിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുലാം നബി ആസാദിന് രാജ്യസഭാ സീറ്റ് നല്‍കാനാണ് ആലോചന.

ആസാദിനെ തമിഴ്‌നാട്ടില്‍നിന്ന് സഭയിലെത്തിക്കാനാണ് നീക്കം. ഉത്തര്‍ പ്രദേശിലെ പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ് ഇന്നലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രൂപ്പ് 22 നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഇരുപത്തിമൂന്നോളം നേതാക്കള്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഇതില്‍ ഒരാളായിരുന്നു ജിതിന്‍ പ്രസാദ്. എ.ഐ.സി.സിയില്‍ സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ടായിരുന്നു ഇവര്‍ കത്തെഴുതിയത്. ഗുലാം നബി ആസാദായിരുന്നു ഈ സംഘത്തിന്റെ നേതൃസ്ഥാനത്ത്. ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് നടത്തുന്നത്. 

ഈയടുത്ത് കോണ്‍ഗ്രസിന് രാജ്യസഭയില്‍ ഒഴിവു വരുന്നത് രണ്ട് സീറ്റാണ്. ഇതിലൊന്ന് തമിഴ്‌നാട്ടിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമാണ്. കോവിഡ് ബാധയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള രാജീവ് സതാവ്‌ അന്തരിച്ച ഒഴിവാണുള്ളത്‌. ആസാദിനെ തമിഴ്‌നാട്ടില്‍നിന്ന് രാജ്യസഭയില്‍ എത്തിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സീറ്റില്‍ ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ അവ്യക്തതകളുണ്ട്. ഗ്രൂപ്പ് 22-ലെ അംഗമായ മുകുള്‍ വാസ്‌നിക്കിനെ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തിച്ചേക്കുമെന്നാണ് സൂചന. 

അതേസമയം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വിശ്വസ്തരായ ചില നേതാക്കള്‍ക്കു വേണ്ടിയും ഇപ്പോള്‍ ചരടുവലികള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന ഒരു പേര് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലയുടേതാണ്. അദ്ദേഹത്തെ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. 

ഇതിനിടെ മിലിന്ദ് ദേവ് ര കഴിഞ്ഞ ദിവസം വിമതസ്വരവുമായി രംഗത്തെത്തിയിരുന്നു. ഗുജറാത്ത്‌ ബി.ജെ.പി. സര്‍ക്കാരിനെ അഭിനന്ദിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സീറ്റിനു വേണ്ടി മിലിന്ദിനെ പരിഗണിക്കണമെന്നും ചിലര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദിനെ തമിഴ്‌നാട്ടില്‍നിന്ന് രാജ്യസഭയില്‍ എത്തിക്കുന്നപക്ഷം ഗ്രൂപ്പ് 22 നേതാക്കളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡുള്ളത്. 

content highlights: high command to reconcile with group 22 leaders, ghulam nabi azad likely to get rs ticket from tamilnadu