കണ്ടെടുത്ത ഹെറോയിനും ബോട്ടിലുണ്ടായ യുവാവും Photo: https://twitter.com/PRODefNgp
കൊച്ചി: അഫ്ഗാനിസ്താനില്‍നിന്നും ഹെറോയിനും മറ്റു മയക്കുമരുന്നുകളും എത്തുന്നത് ഇറാന് തുറമുഖങ്ങളിലൂടെ. ഇറാനിലെ ചാബഹാര്‍, ബന്ധാര്‍ അബ്ബാസ് തുറമുഖങ്ങളാണ് ഇന്ത്യയിലേക്കുള്ള മയക്കുമരുന്നുകടത്തിന്റെ കവാടമായി പ്രവര്‍ത്തിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. അഫ്ഗാനിസ്താനില്‍നിന്ന് നേരിട്ടും പാകിസ്താനിലൂടെയുമാണ് മയക്കുമരുന്നെത്തുന്നത്.
പിന്നീട് കപ്പലുകളില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിച്ച് മത്സ്യബന്ധന ബോട്ടുകളെന്ന മറവില്‍ ഇന്ത്യന്‍ തീരത്ത് എത്തിക്കും. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ (എന്‍.സി.ബി.) അന്വേഷണത്തിലാണ് തുറമുഖങ്ങളിലൂടെയുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
താലിബാന് ഭരണത്തിന് കീഴിലായതോടെ അഫ്ഗാനിസ്താന് ധനസമ്പാദനത്തിന് പ്രധാനമായും മയക്കുമരുന്ന് ഉത്പാദനത്തെയാണ് ആശ്രയിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്.ഐ.) ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1,526 കോടി രൂപയുടെ ഹെറോയിന്‍ ഇറാനിലൂടെ എത്തിച്ചതാണെന്നാണ് കരുതുന്നത്.
ഐക്യരാഷ്ട്രസഭയുടെ പഠനറിപ്പോര്‍ട്ടനുസരിച്ച് 1999-2000 കാലഘട്ടത്തില്‍ 200 ടണ്‍ ആയിരുന്നു അഫ്ഗാനിസ്താനിലെ മയക്കുമരുന്നുത്പാദനം. 2022-ല്‍ ഇത് 12,000 ടണ്‍ എങ്കിലും എത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഒരുവര്‍ഷത്തിനിടെ ഡി.ആര്.ഐ. മാത്രം 3,800 കിലോ ഹെറോയിനാണ് പിടികൂടിയത്. അന്താരാഷ്ടവിപണിയില്‍ 26,000 കോടി രൂപ വിലമതിക്കുന്നതാണിത്. ഇതിന്റെ പത്തിരട്ടിയെങ്കിലും മയക്കുമരുന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ എത്തുന്നുണ്ടാകാമെന്നാണ് സൂചന.
1526 കോടിയുടെ ഹെറോയിന്‍ കടത്ത്: ഡി.ആര്.ഐ.യുടെ പിടിയില്‍ തിരുവനന്തപുരം സ്വദേശികളും
കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് രണ്ടുബോട്ടുകളില്നിന്ന് 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായവരില്‍ രണ്ട് തിരുവനന്തപുരം സ്വദേശികളും. വിഴിഞ്ഞം കോട്ടപ്പുറം ഓസാവില കോളനിയിലെ ഡി. ഫ്രാന്‍സിസ് (56), പൊഴിയൂര്‍ പരുത്തിയൂര്‍ ചീലന്തിവിളാകത്ത് ടി. സുജന്‍ (28) എന്നിവരാണ് പിടിയിലായത്. ഡി.ആര്.ഐ.യും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് വ്യാഴാഴ്ചയാണ് പുറംകടലില്‍ മത്സ്യബന്ധനബോട്ടുകളില്നിന്നും 218 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്. ബാക്കിയുള്ളവര്‍ കന്യാകുമാരി സ്വദേശികളാണ്.
ലിറ്റില്‍ ജീസസ് എന്ന ബോട്ടിന്റെ ബോട്ടുമാസ്റ്റര്‍ വി. ഡെയ്സണ്‍ (29) ആണ് ഒന്നാംപ്രതി. പ്രിന്‍സ് എന്ന ബോട്ടിന്റെ ബോട്ടുമാസ്റ്റര്‍ വി. ജിംസണ് (25) ആണ് രണ്ടാംപ്രതി. ജോണ്‍ കെന്നഡി കെനി (31), പി. പ്രശാന്ത് (29), എസ്. ഷിബുകുട്ടന്‍ (35), എസ്. റൂബന്‍ (42), ആര്. സമില്ഖാന് (37), എസ്. ജോണ്‍ ബോസ്കോ (50), സുബിന്‍രാജ് (28), ടി. റെന്നി (39), എഫ്. സ്റ്റീഫന്‍ (44), ഡി. ടൈറ്റസ് (53), എസ്. ശോഭന്‍ (36), പി. പ്രിഥ്യാ (28), എഫ്. പ്രജിന് (31), എം.എസ്. പ്രേംകുമാര്‍ (28), എം. വിനീഷ് രാജ് (23), തിമിത്തീയൂസ് (70) എന്നിരാണ് മറ്റുപ്രതികള്‍. ചാക്കുകളില്‍ മയക്കുമരുന്നാണെന്ന് അറിഞ്ഞുകൊണ്ടാണ് കൈപ്പറ്റിയതെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ചാക്കുകളില്‍ പാകിസ്താനിലെ പഞ്ചസാരമില്ലിന്റെ വിലാസമാണുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..