ന്യൂഡല്‍ഹി: പാന്‍ മസാലയും വെറ്റിലയും തിന്ന്  പുറത്തേക്ക് തുപ്പുന്നത് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുന്നത് ഇന്ത്യന്‍ റെയില്‍വേക്കാണ്. തീവണ്ടിക്കുള്ളിലും പ്ലാറ്റ്‌ഫോമിലുമെല്ലാം ഇതിന്റെ കറ മായാതെ ദിവസങ്ങളോളം കിടക്കും. ഇതു വൃത്തിയാക്കിയെടുക്കാന്‍ റെയില്‍വേ ഒരു വര്‍ഷം ചിലവഴിക്കുന്നത് എത്ര രൂപയാണെന്ന് അറിയാമോ? 1200 കോടി! അതു മാത്രമല്ല, ഇത് കഴുകിക്കളയാന്‍ ഒരുപാട് വെള്ളവും ആവശ്യമായി വരുന്നു. 

ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു വഴി കണ്ടെത്തിരിയിക്കുകയാണ് റെയില്‍വേ. യാത്രക്കാര്‍ക്ക് ചെറിയ സ്പിറ്റൂണ്‍ (തുപ്പല്‍ പാത്രങ്ങള്‍)നല്‍കുന്നതാണ് ഈ പദ്ധതി. അഞ്ചു മുതല്‍ പത്ത് രൂപയാണ് ഇതിന്റെ വില. സ്‌റ്റേഷനുകളിലെ വെന്റിങ് മെഷീനിലും കിയോസ്‌കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് ഈസിസ്പിറ്റ് എന്ന സ്റ്റാര്‍ട്ടപ്പുമായി റെയില്‍വേ കരാറിലെത്തിയിട്ടുണ്ട്. 

മണ്ണില്‍ അലിഞ്ഞുചേരുന്ന സ്പിറ്റൂണ്‍ വ്യത്യസ്ത വലിപ്പത്തില്‍ ലഭ്യമാണ്. പോക്കറ്റ് പൗച്ചസ്, മൊബൈല്‍ കണ്ടെയ്നേഴ്സ്, സ്പിറ്റ് ബിന്‍സ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നിലവിലുള്ളത്. 15 മുതല്‍ 20 തവണ വരെ പുനരുപയോഗിക്കാം. നിലവില്‍ റെയില്‍വേ പരിസരങ്ങളില്‍ തുപ്പിയാല്‍ 500 രൂപയാണ് പിഴ.

Content Highlights: Here's how much Indian Railways spends each year to clean stains caused by spitting