ലോകത്തെ പിടിച്ചുലക്കിയ കോവിഡ് മഹാമാരിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. വൈറസിനെതിരെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എന്നാല്‍ ഇതിന് എത്രകാലം വേണ്ടിവരുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഫലപ്രദമായ തന്ത്രങ്ങളിലൂടെ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് രാജ്യം

ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ ഹേര്‍ഡ് ഇമ്മ്യൂണിറ്റി (സഞ്ചിത പ്രതിരോധം) എന്ന പ്ലാന്‍ ബി നടപ്പാലാക്കിയേക്കുമെന്നും ചര്‍ച്ചകള്‍ ഉയരുന്നത്. 

പ്രതിരോധ മരുന്നിലൂടേയോ രോഗമുക്തിയിലൂടേയോ ജനസംഖ്യയുടെ 60-70% ആളുകള്‍ രോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ അണുബാധയുടെ ശൃംഖല തകരും. രോഗ പ്രതിരോധശേഷിയുള്ള ആളുകളുടെ എണ്ണം കൂടുമ്പോള്‍ രോഗാണുവും രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുകളും തമ്മിലുള്ള സമ്പര്‍ക്കം കുറയും. കൂടുതല്‍ ആളുകള്‍ ഇത്തരത്തിലൂടെ പ്രതിരോധശക്തി നേടുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിയുന്നു. സമൂഹമൊട്ടാകെ രോഗാണുവിനോട് പ്രതിരോധം നേടുന്നു, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും സംരക്ഷിക്കപ്പെടുന്നു.- ഇതാണ് സാമൂഹിക പ്രതിരോധം കൊണ്ട് ഉദ്ദേശിക്കുന്നത്. 

കൊറോണ വ്യാപനം ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള ഒന്നാണ്. പക്ഷെ അതിനൊപ്പം തന്നെ കര്‍ശനനിയന്ത്രങ്ങളോടെ ലോക്ക്ഡൗണ്‍ തുടരാനും സാധിക്കില്ല. ഇത്തരം സാഹചര്യത്തില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയിലൂടെ രോഗത്തെ മറികടക്കുന്നതവും ഉചിതമെന്നാണ് ഒരു വിഭാഗം ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഇന്ത്യയില്‍ കോവിഡിനെതിരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയാണ് പരിഹാരം എന്ന തരത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിക്കാത്ത സ്ഥിതി തുടര്‍ന്നാല്‍ കാലങ്ങള്‍ കഴിയുമ്പോൾ ഹേര്‍ഡ് ഇമ്മ്യുണിറ്റി വികസിച്ചുവരുന്നതില്‍ ആശ്ചര്യപ്പെടേണ്ടതുമില്ല. 

രാജ്യത്ത് 43% ജില്ലകള്‍ ഗ്രീന്‍ സോണിലാണുള്ളത്. നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ കാര്യങ്ങള്‍ സാധാരണനിലയില്‍ നടക്കുന്നു. ജനങ്ങള്‍ പുറത്തിറങ്ങുന്നു, ഇടപഴകുന്നു. ഇതുപോലെ എല്ലാ സോണുകളിലും ആളുകള്‍ പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ ഹേര്‍ഡ് ഇമ്മ്യൂണി നേടുന്നുണ്ടോ എന്നതിനെക്കുറിച്ച് സൂചനകള്‍ ലഭിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

 മറുഭാഗത്ത് കോവിഡിന്റെ കാര്യത്തില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റി പ്രാവര്‍ത്തികമാവില്ലെന്ന ചര്‍ച്ചകളും വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. 

Content Highlights: Herd Immunity: Can India's Plan B get success against coronavirus?