'മൂന്നാം ഒളിമ്പിക്‌സ് ട്രയല്‍സ്. ഇത്തവണത്തെ ട്രയല്‍സ് അല്പം വ്യത്യസ്തമാണ്. എല്ലാ കഥയ്ക്കും ഒരു അവസാനമുണ്ടാകും, എന്നാല്‍ ജീവിതത്തില്‍ എല്ലാ അവസാനവും ഒരു പുതിയ തുടക്കമാണ്. രഹസ്യം, ഇനി രഹസ്യമല്ല' 

ഈ വര്‍ഷത്തെ യുഎസ് ഒളിമ്പിക് ടീം ട്രയല്‍സിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് താന്‍ പതിനെട്ട് ആഴ്ച ഗര്‍ഭിണിയാണെന്ന കാര്യം ഹെപ്റ്റാത്‌ലെറ്റായ ലിന്‍ഡ്‌സേ ഫ്‌ളാഞ്ച് പരസ്യമാക്കുന്നത്. ഗര്‍ഭിണിയായ തന്റെ ചിത്രവും കുറിപ്പിനൊപ്പം അവര്‍ പങ്കുവെച്ചു. 

അല്പം ക്ലേശകരമായ ഒന്നാണ് ഹെപ്റ്റാത്തലോണ്‍. 100 മീറ്റര്‍ ഹര്‍ഡില്‍സ്, ഹൈ ജമ്പ്, ഷോട്ട് പുട്ട്, 200 മീറ്റര്‍ സിപ്രിന്റ്, ലോങ് ജമ്പ്, ജാവലിന്‍ ത്രോ,800 മീറ്റര്‍ ഓട്ടം തുടങ്ങി ഏഴോളം ഘട്ടങ്ങള്‍ പിന്നിടേണ്ട കായിക ഇനം.

എന്നാല്‍ താന്‍ ഒളിമ്പിക്‌സിന്‌ യോഗ്യത നേടുമെന്ന് കരുതുന്നില്ലെന്ന ലിന്‍ഡ്‌സെ തുറന്നുസമ്മതിച്ചിട്ടുമുണ്ട്. 'കുഞ്ഞുങ്ങളെ ഞാനാഗ്രഹിച്ചിരുന്നു അതിനാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയില്‍ ഞാന്‍ വളരെയധികം സന്തോഷിച്ചിരുന്നു. എന്നാല്‍ അതേസമയം എന്റെ ട്രാക്ക് കരിയര്‍ അവസാനിക്കുകയാണെന്നുളളത് എന്നെ വിഷമിപ്പിച്ചു. 18 ആഴ്ചകള്‍മുമ്പ് എങ്ങനെ പ്രകടനം നടത്താന്‍ സാധിച്ചിരുന്നോ അതേ രീതിയില്‍ എനിക്കിപ്പോള്‍ മത്സരിക്കാനാകില്ലെന്ന് എനിക്കറിയാം. അതെന്നെ മാനസികമായി വളരെയധികം ബുദ്ധിമുട്ടിക്കുന്നുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ എത്രത്തോളം പ്രാപ്തരാണെന്ന് തെളിയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു അധ്യായം അവസാനിപ്പിക്കുകയും അടുത്ത അധ്യായം എന്റേതായ രീതിയില്‍ ആരംഭിക്കുകയും ചെയ്യുന്നത് ആശ്ചര്യമുളളതായിരുന്നു.' ലിന്‍ഡ്‌സേ യാഹൂ ന്യൂസിനോട് പറഞ്ഞു.

ട്രയല്‍സില്‍ പങ്കെടുക്കാനുളള ലിന്‍ഡ്‌സെയുടെ തീരുമാനത്തെ കുറിച്ച് സമ്മിശ്രവികാരമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നത്. ചിലര്‍ തീരുമാനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ ചിലര്‍ സുരക്ഷിതത്വത്തെ കുറിച്ചുളള ആശങ്കയാണ് പങ്കുവെച്ചത്. 

'നിഷേധാത്മകമായ ചില പ്രതികരണങ്ങളാണ് വാര്‍ത്ത പങ്കുവെച്ച സമയത്ത് എനിക്കാദ്യം ലഭിച്ചത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യരുതെന്നും കുഞ്ഞിന്റെ സുരക്ഷയെ കരുതണമെന്നും പലരും ഉപദേശിച്ചു. ചിലര്‍ ഞാന്‍ സ്വാര്‍ഥയാണെന്നും മറ്റൊരാളുടെ അവസരമാണ് കളയുന്നതെന്നും വരെ കുറ്റപ്പെടുത്തി. ലിന്‍ഡ്‌സെ പറയുന്നു. ഡോക്ടറുടെ കര്‍ശന നിരീക്ഷണത്തിനും നിര്‍ദേശങ്ങളും പിന്തുടര്‍ന്നാണ് താന്‍ ട്രയല്‍സിന് ഒരുങ്ങിയതെന്നും അവര്‍ പറഞ്ഞു. ഗര്‍ഭിണിയായതിനെ തുടര്‍ന്നുളള ഛര്‍ദിക്കും ക്ഷീണത്തിനുമെല്ലാമിടയിലായിരുന്നു ട്രയല്‍സിനായുളള ലിന്‍ഡ്‌സെയുടെ പരിശീലനം. 

Content Highlights: Heptathlete Competed At The Olympic Trials While 18 Weeks Pregnant