നുഷ്യര്‍ക്കെത്രമാത്രം ക്രൂരന്‍മാരാവാന്‍ കഴിയും എന്നതിന്റെ പരിഛേദമാണീ ഫോട്ടോ. അതിക്രൂരരെ മൃഗീയന്‍ എന്നു പോലും വിളിപ്പേര് നല്‍കാന്‍ മടിക്കേണ്ടി വരുമ്പോള്‍ മിണ്ടാപ്രാണികളായ ഈ ആനയോടും കുഞ്ഞിനോടും ക്രൂരത കാട്ടുന്നവരെ നാം എന്ത് പേരിട്ട് വിളിക്കണം. ആ ക്രൂരന്‍മാര്‍ക്കുള്ള നാമം ഈ ഫോട്ടോ കണ്ട് മുറിവേറ്റവര്‍ തീരുമാനിക്കട്ടെ.

ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ ബിപ്ലാബ് ഹസ്ര പശ്ചിമ ബംഗാളിലെ ബങ്കുറ ഗ്രാമത്തില്‍ നിന്ന് പകര്‍ത്തിയതാണീ ചിത്രം. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഈ ഫോട്ടോയിലെ ക്രൂരത അരങ്ങേറിയത് ഇന്ത്യയിലാണെന്നോർത്ത് നമുക്ക് തല കുനിയ്ക്കാം. 

'നരകം ഇവിടെയാണ്' എന്ന അടിക്കുറിപ്പോടെ അച്ചടിച്ച ഈ ഫോട്ടോയാണ് സാങ്ച്വറി ഏഷ്യയുടെ 2017ലെ സാങ്ച്വറി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് കരസ്ഥമാക്കിയത്.

പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രാം ജില്ലയിലെ സംസ്ഥാന പാതയിലാണ് ഈ ക്രൂര കൃത്യം അരങ്ങേറിയത്. ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നത് തടയാന്‍ കാട്ടാന കൂട്ടത്തിനെതിരെ ടാര്‍ബോംബുകള്‍ എറിയുന്നത് ഈ പ്രദേശങ്ങളിലെ പതിവു കാഴ്ച്ചയാണ്. ഇത്തരത്തില്‍ ഒരു സന്ദര്‍ഭത്തിലാണ് ആനക്കുട്ടിയും അമ്മയാനയും തീ ബോംബുകളില്‍ പെടുന്നത്. കാല് മുഴുവന്‍ തീവിഴുങ്ങി വേദനയില്‍ പുളയുന്ന കുട്ടിയാനയെ ചിത്രത്തില്‍ കാണാം.

കുട്ടിയാന ഗുരുതര പരിക്കുകളേല്‍ക്കാതെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതാണ്  ഫോട്ടോഗ്രാഫറായ ബിപ്ലാബ് ഹസ്രയ്ക്ക് പ്രതീക്ഷയോടെ ലോകത്തോട് പങ്കു വെക്കാനുള്ള ഏക വാര്‍ത്ത. തന്റെ പതിനാല് വർഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ജീവിതത്തിനിടയില്‍ ഇത്തരമൊരു ക്രൂരമായ കാഴ്ച്ച കാണേണ്ടി വന്നിട്ടില്ലെന്ന് ബിപ്‌ലാബ് പറയുന്നു.

ആനക്കുട്ടിയെ മനപ്പൂര്‍വ്വം ഉപദ്രവിക്കാന്‍ ചെയ്തതല്ലെങ്കിലും ഇത്തരത്തില്‍ ആനക്കൂട്ടത്തിന് നേരെ പടക്കമെറിയുന്നതും തീഗോളങ്ങളെറിയുന്നതും ഈ പ്രദേശത്തെ പതിവ് കാഴ്ച്ചയാണെന്ന് ബിപ്ലാബ് പറയുന്നു.