മണാലി: ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭക്ഷണത്തിന്റെ പ്രധാന ചേരുവകളിലൊന്നാണ് കായം. പ്രാദേശികമായി വളരാത്തതിനാല്‍ തന്നെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇത് ഇറക്കുമതി ചെയ്തുവരികയായിരുന്നു. ഇപ്പോള്‍ കായച്ചെടിയുടെ കൃഷിക്ക് പ്രോത്സാഹനവുമായി മുന്നിട്ടിറങ്ങുകയാണ് ചില സംസ്ഥാനങ്ങള്‍.

പാലമ്പുരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോറിസോഴ്സ് ടെക്നോളജി (ഐഎച്ച്ബിടി) യാണ് ആദ്യമായി കായത്തിന്റെ കൃഷി ഇന്ത്യയില്‍ ആരംഭിച്ചത്. ലാഹൗളിലെ ക്വാറിങ് ഗ്രാമത്തിലും ഹിമാചല്‍ പ്രദേശിലെ സ്പിതിയിലും കായച്ചെടിയുടെ തൈകള്‍ നട്ടുപിടിപ്പിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കൃഷിക്ക് തുടക്കം കുറിച്ചത്.

2016 മുതല്‍ കായം പ്രാദേശികമായി വളര്‍ത്തുന്നതിനേക്കുറിച്ച് ഗവേഷണങ്ങള്‍ ആരംഭിച്ചുവെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മാന്‍ഡേ പറഞ്ഞു. തണുപ്പുള്ള കാലാവസ്ഥാ പ്രദേശങ്ങളില്‍ മാത്രമേ കായത്തിന് വളരാന്‍ സാധിക്കുകയുള്ളൂ. അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇത് ഇറക്കുമതി ചെയ്യുന്നതെന്നും മാന്‍ഡേ കൂട്ടിച്ചേര്‍ത്തു. 

ഹിമാചല്‍ പ്രദേശില്‍ ഏകദേശം 5 ഹെക്ടര്‍ സ്ഥലത്ത് തൈകള്‍ നട്ടുപിടിപ്പിച്ചുവെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 300 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നും ശേഖര്‍ മാന്‍ഡേ പറഞ്ഞു.

ഇന്ത്യന്‍ വിഭവങ്ങളിലെ പ്രധാന ഇനമായതിനാലാണ് ഐഎച്ച്ബിടി ഈ സുപ്രധാന വിള രാജ്യത്ത് അവതരിപ്പിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്തിയത്. 2018 ഒക്ടോബറില്‍ ന്യൂഡല്‍ഹിയിലെ ഐസിഎആര്‍-നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസ് വഴി ഇറാനില്‍ നിന്ന് വിത്തുകള്‍ എത്തിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ രാജ്യത്ത് കായച്ചെടിയുടെ വിത്തുകള്‍ അവതരിപ്പിക്കാനുള്ള ആദ്യ ശ്രമമാണിതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസ്  പറഞ്ഞു.

Content Highlights: Heeng will now be cultivated in India for first time in cold-dry Himachal district