മുംബൈ: രാജ്യത്തിന്റെ വ്യവസായ നഗരത്തെ താറുമാറാക്കി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്തമഴ തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് മുംബൈയില്‍ മഴ ജനജീവിതം താറുമാറാക്കിയിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. 

മുംബൈയിലെ താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്  നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു. തീവണ്ടികള്‍ വൈകിയോട്ടം തുടരുകയാണ്.  നലാ സോപരാ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാസായ്, വിരാര്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗാതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. 

റെയില്‍ ഗതാഗതം നിര്‍ത്തിയതും നഗരത്തിലെ ജലനിരപ്പ് ഉയര്‍ന്നതിനെയും തുടര്‍ന്ന് ഡബ്ബാവാലകള്‍ സേവനം നിര്‍ത്തിയത് ജോലിക്കാരുള്‍പ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കി. കാലവസ്ഥ മോശമായകിനെ തുടര്‍ന്ന് 72 വിമാനങ്ങള്‍ വൈകിയാണ് ഇറക്കിയത്. 

ഖാര്‍, ബാന്ദ്ര, എന്നീ മേഖലയിലുള്‍പ്പെടെ മുംബൈയിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, മഴയുടെ കാഠിന്യം കണക്കിലെടുത്ത് ഭൂരിഭാഗം ഓഫീസുകളിലും പ്രവര്‍ത്തി സമയം കുറച്ചിട്ടുണ്ട്. മഴ ശക്തമായതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂവെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുംബൈ നഗരത്തിലെ ഘാട്കോപ്പറിലും വസായിലും പാലത്തില്‍ വിള്ളള്‍ കണ്ടതിനെ തുടര്‍ന്ന് ഗതാഗതം തടഞ്ഞു. അന്ധേരിയിലും റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും വലിയ വാഹനങ്ങള്‍ മാത്രമാണ് യാത്ര നടത്തുന്നത്. 

ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ്. സംസ്ഥാനത്ത് മഴയെ തുടര്‍ന്നുള്ള വിവിധ അപകടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 34 പേര്‍ മരിച്ചിട്ടുണ്ട്. 

മഴയില്‍ റോഡ് വെള്ളത്തിനടിയില്‍ ആയതിനെ തുടര്‍ന്ന് ഇന്നലെ ബൈക്ക് റോഡിലെ കുഴിയില്‍ വീണ് യുവതി ബസ് കയറി മരിച്ചിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ മനീഷ ഭോയര്‍ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം മഴയത്ത് ബൈക്കില്‍ കുട ചൂടി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

Contents Highlights: Mumbai, Heavy Rain, Schools Shut, Train Stop Service, Forth Day.