കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിലെ പലസ്ഥലത്തും പ്രളയ സമാനമായ സാഹചര്യം


ചെന്നെെയിലെ വെള്ളം കയറിയ പ്രദേശത്ത് നിന്നുള്ള ദൃശ്യം | ചിത്രം: PTI

ചെന്നൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴ തമിഴ്‌നാട്ടിലെ ജനജീവിതത്തെ ബാധിച്ചു. ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി. പ്രളയ സമാനമായ സ്ഥിതിവിശേഷമാണ് പല സ്ഥലങ്ങളിലുമുള്ളത്. നേരത്തെ വീടുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് തൂത്തുക്കുടി, തിരുനെല്‍വേലി, ചെന്നൈ തുടങ്ങിയ 14 ജില്ലകളിലെ 11,000-ലധികം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.നിരവധി കുടിലുകള്‍ തകരുകയും നൂറിലധികം കോണ്‍ക്രീറ്റ് വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. തിരുനെല്‍വേലി, തിരുവാരൂര്‍ ജില്ലകളിലെ ചില ഗ്രാമങ്ങള്‍ വെള്ളം കയറി ഒറ്റപ്പെട്ടതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടുസംഘങ്ങൾ കാഞ്ചീപുരം,ചെങ്കൽപ്പെട്ട് ജില്ലകളിലെ വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. തൂത്തുക്കുടിയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവർക്ക് ഭക്ഷണവും കുടിവെള്ളവുമെത്തിക്കാൻ ശ്രമംതുടരുകയാണ്.

ചെന്നൈയില്‍ പെയ്ത കനത്തമഴയില്‍ റോഡുകളിലും വീടുകളിലും വെള്ളംകയറി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പല സ്ഥലങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. മൂന്നടിയിലധികം വെള്ളം കയറിയ റോഡുകളില്‍ ഗതാഗതം നിരോധിച്ചു. ചേരിപ്രദേശങ്ങളിലെ കുടിലുകളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി.

chennai floods
ചിത്രം: PTI

ചെന്നൈയിലെ അഞ്ച് റോഡ് അടിപ്പാതകളില്‍ വെള്ളം കയറി. ടി. നഗര്‍, വെസ്റ്റ് മാബലം, ത്യാഗരാജനഗര്‍, വിരുഗമ്പാക്കം, നെസപ്പാക്കം, കെ.കെ. നഗര്‍, വടപളനി, അശോക് നഗര്‍, കോടമ്പാക്കം, ഷോളിങ്കനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. ഈ പാതകളിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. 2015-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇതാദ്യമായാണ് ഈ മേഖലകളില്‍ രണ്ട് അടിയിലേറെ വെള്ളം കയറുന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളം എങ്ങനെ ഒഴുക്കിവിടണമെന്ന് ധാരണയില്ലാതെ അധികൃതരും കുഴങ്ങുകയാണ്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ടി. നഗറില്‍ തുടങ്ങി വച്ച പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചതാണ് വെള്ളമൊഴുകി പോകാത്തതിന് പ്രധാന കാരണമെന്ന് നഗരവാസികള്‍ പറഞ്ഞു. ടി. നഗറിലെ മെഡ്ലെ, കോടമ്പാക്കത്തെ രംഗരാജപുരം അടിപ്പാതകള്‍ വെള്ളത്തില്‍ മുങ്ങി. ഈ മേഖലകളില്‍നിന്ന് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് അകറ്റുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അളവ് കുറയുന്നില്ല. ടി. നഗറില്‍ വാണി മഹലില്‍നിന്ന് ബെന്‍സ് പാര്‍ക്ക് ഹോട്ടല്‍വരെ ഗതാഗതം മാറ്റി വിട്ടു.

chennai floods
ചിത്രം: PTI

പല പ്രദേശങ്ങളിലും തെരുവുകളിലും മൂന്നരയടിയോളം ഉയരത്തില്‍ വെള്ളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ പള്ളിക്കരണൈ, ചെമ്മഞ്ചേരി എന്നീവിടങ്ങളിലെ 200-ഓളം വീടുകളില്‍ വെള്ളം കയറി. റോഡുകളില്‍ കയറിയവെള്ളം മോട്ടോറുകള്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമം നടക്കുകയാണ്. റോഡുകള്‍ വെള്ളക്കെട്ടിലായതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചതിന് തുല്യമാണ്. വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് നഗരത്തില്‍ പൊതുവില്‍ കാണാനാകുക. വെള്ളം കയറിയ വീടുകളിലും കുടിലുകളിലും താമസിക്കുന്നവരെ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

തമിഴ്‌നാട്ടില്‍ നവംബര്‍ 30 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: heavy rains leads to flood like situation in tamil nadu waterlogging several areas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented