കനത്ത മഴയിൽ മുംബൈയിലെ തെരുവുകളിൽ വെള്ളം കയറിയപ്പോൾ | ചിത്രം: AFP
മുംബൈ: മഹാരാഷ്ട്രയില്‍ കൊങ്കണ്‍ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടം. സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വെള്ളത്തില്‍ മുങ്ങിയ തെരുവുകളുടെയും കാറുകളുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുന്നു. ദിവസങ്ങളായി തുടരുന്ന മഴ കൊങ്കണ്‍ പ്രദേശത്തെ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. കൊങ്കണ്‍ റെയില്‍വേ റൂട്ടിലോടുന്ന നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ധാക്കിയിട്ടുണ്ട്. ഈ റൂട്ടിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മുംബൈയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ സ്തിഥി ചെയ്യുന്ന ചിപ്ലൂണിലാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ശക്തമായ വെള്ളപ്പൊക്കമാണ് ഈ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. ഇവിടെ കുടുങ്ങിയ നാട്ടുകാരെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുംബൈ-ഗോവ ഹൈവേ അടച്ചു.
ഇന്നലെ രാത്രി വശിസ്തി നദിയും ഒരു ഡാമും കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് അതിവേഗം ഈ പ്രദേശത്ത് വെള്ളം ഉയരുകയായിരുന്നു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഈ മേഖലയില്‍ നിന്ന് പുറത്തുവരുന്നത്. ചിപ്ലൂണിലെ മാര്‍ക്കറ്റ്, ബസ് സ്റ്റേഷന്, റെയില്‍വേ സ്റ്റേഷന് എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്.
രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഖേഡിലും മഹാദിലും സ്ഥിതി ദയനീയമാണ്. ഖേഡിലെ ജഗ്ബുദി നദി അപകടകരമാം വിധം കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശങ്ങളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളിലെല്ലാം കോസ്റ്റ്ഗാര്‍ഡ് ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 35 ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന ഒന്‍പത് രക്ഷാസേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ നാല് സംഘങ്ങളെ മുംബൈയിലേക്കും, താനെ, പല്‍ഘര്‍ ജില്ലകളിലേക്ക് ഓരോ സംഘത്തെ വീതവും വിന്യസിച്ചിട്ടുണ്ട് . ഒരു ടീം ചിപ്ലൂണിലേക്കുള്ള യാത്രയിലാണ്. രണ്ട് ടീമുകളെ കോലാപ്പൂരിലേക്കും അയച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ യവത്മാല്‍ ജില്ലയിലെ സഹത്രകുണ്ട് വെള്ളച്ചാട്ടത്തിന്റെ ജലനിരപ്പും ഉയരുകയാണ്. താനെയിലെ ഭിവാഡിയിലും കടുത്ത വെള്ളപ്പൊക്കമുണ്ട്. മുംബൈ നഗരം, പല്‍ഘര്‍, താനെ, റായ്ഗഡ് എന്നീ ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ 'യെല്ലോ അലേര്‍ട്ട്' പ്രഖ്യാപിച്ചിരുന്നു. നഗരത്തില്‍ രാത്രി മുഴുവന്‍ പെയ്ത കനത്ത മഴയില്‍ മുംബൈയുടെ പല ഭാഗങ്ങളും ഇന്ന് രാവിലെ വെള്ളത്തിനടിയിലായി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രത്നഗിരിയിലെയും റായ്ഗഡിലെയും സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. തീരദേശ ജില്ലകളില്‍ മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇവിടങ്ങളിലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കടുത്ത ജാഗ്രത പാലിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കവിഞ്ഞൊഴുകുന്ന നദികളുടെ തോത് നിരീക്ഷിക്കാനും താമസക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Highlights: Heavy rains in Maharashtra's Konkan, 6,000 Train Passengers Stranded
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..