മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. രത്നഗിരി, സതാര, കോലാപുർ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ പെട്ട് 5 പേരാണ് റായ്ഗഢിൽ മാത്രം മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ കൂടി സംസാരിച്ചു.

റായ്ഗഢിലെ കലായി പ്രദേശത്ത് മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ 5 പേരാണ് മരിച്ചത്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 30 പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ് ജില്ലാ കലക്ടർ നിധി ചൗധരി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ മേഖലകളിലെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൊങ്കൺ പാതയിൽ കൂടിയുള്ള നിരവധി ട്രെയിനുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ കൊങ്കൺ പാതയിൽ കൂടി സഞ്ചരിക്കുന്ന ആറായിരത്തിലേറെ യാത്രക്കാരാണ് ട്രെയിനിൽ തന്നെ കുടുങ്ങിയതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. ചിപ്ലുൺ, കാംതെ സ്റ്റേഷനുകൾക്കിടയിലുള്ള വാഷിഷ്ടി നദി കരകവിഞ്ഞൊഴുകിയതിനെ തുടന്നാണ് കൊങ്കൺ പാതയിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. 

വിവിധ പ്രദേശങ്ങളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഒഴുകി നടക്കുന്ന വാഹനങ്ങളും മറ്റും മഹാരാഷ്ട്രയിൽ നിന്നുള്ള കാഴ്ചയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്. രത്നഗിരി, റായ്ഗഢ്, മുംബൈ, താനെ, പൽഗർ തുടങ്ങിയ പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.

അടുത്ത മണിക്കൂറുകളിൽ മുംബൈയിൽ ഇടിമിന്നലോട് കൂടിയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 

 

പല പുഴകളും അപകട നിലയിൽ നിറഞ്ഞൊഴുകുകയാണ്. രത്നഗിരി ജില്ലയിലെ കോടാവലി, ശാസ്ത്രി, ജഗ്ബുദി, വഷിഷ്ടി, ഭാവ് തുടങ്ങിയ നദികൾ അപകട നിലയ്ക്ക് മുകളിലൂടെയാണ് നിറഞ്ഞൊഴുകുന്നത്. റായ്ഗഢിലെ പതൽഗംഗ, ഗാന്ധി, കുണ്ഡലിക, അമ്പ, സാവിത്രി,  ഉൽഹാസ് പുഴകളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്.

Content highlights: Heavy rain leads to waterlogging in maharashtra