-
മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. റോഡ്-റെയില്‍ ഗതാഗതം താറുമാറിലായി. കോവിഡ് 19 പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ട് നേരിട്ടു.
നഗരത്തിലും പരിസരപ്രദേശങ്ങളിലും 200 മില്ലീലിറ്ററിലധികം മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, സിയോണ്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങളുള്‍പ്പടെ വെളളത്തില്‍ മുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെ നിന്ന് പുറത്തുവരുന്നത്.
മഴയെ തുടര്‍ന്ന് ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റെല്ലാം ചൊവ്വാഴ്ച അടച്ചിടണമെന്നും നിര്‍ദേശിച്ചു. മുംബൈ നഗരത്തിലെ എല്ലാ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതിനെ തുടന്‍ന്ന് ബോംബെ ഹൈക്കോടതിയിലെ വെര്‍ച്വല്‍ വാദങ്ങള്‍ നീട്ടിവെച്ചു. അവശ്യസേവനക്കാര്‍ക്കായി ഓടിയിരുന്ന ലോക്കല്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തിയില്ല. ചിലയിടങ്ങളില്‍ മഴയെ തുടര്‍ന്ന് മരം വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുളള ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നതായി മന്ത്രി ആദിത്യ താക്കറേ അറിയിച്ചു.
Content Highlights:Heavy Rain in Mumbai, BMC appeals to residents to stay at home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..