ഹൈദരാബാദ്:  മഴവെള്ളം കുത്തിയൊഴുകുന്ന തെരുവുകള്‍. അതിലൂടെ തലകീഴായി മറിഞ്ഞൊഴുകുന്ന ഓട്ടോറിഷകളും കാറുകളും. ജീവനുവേണ്ടി പിടയുന്ന കന്നുകാലികള്‍..ഹൈദരാബാദിലെ തെരുവുകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്.  

കനത്ത മഴയില്‍ ബലാപൂര്‍ തടാകം കരകവിഞ്ഞൊഴുകിയതുമൂലം ഹൈദരാബാദിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്തമഴയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തടാകമാണ് ഇത്തരത്തില്‍ കരകവിഞ്ഞ് ഒഴുകുന്നത്. 

നൂറ്റാണ്ടിനിടെ പെയ്യുന്ന അതിശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഖൈറതാബാദ്, ചിന്തല്‍ ബസ്തി, ഗാന്ധി നഗര്‍, മാരുതിനഗര്‍, ശ്രീനഗര്‍, ആനന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളിലെ കോളനികളെല്ലാം വെള്ളത്തില്‍ മുങ്ങി. നഗരത്തിന്റെ പല ഭാഗങ്ങളിലും 12 മണിക്കൂറിലധികം വൈദ്യുതി ബന്ധം നിലച്ചു.

 ഹൈദരാബാദില്‍ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഇപ്പോള്‍  ഞെട്ടിപ്പിക്കുന്നതാണ്. കുത്തിയൊലിക്കുന്ന വെള്ളത്തിലകപ്പെട്ട കാറില്‍നിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

കനത്ത മഴയില്‍ ഇതുവരെ 50തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  വന്‍തോതില്‍ നാശനഷ്ടമുണ്ടായി.

തെലങ്കാനയിലുണ്ടായ വെള്ളപ്പൊക്കം  അയല്‍സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിനെയും കര്‍ണാടകയെയും ബാധിച്ചു.

പ്രളയബാധിതരെ കണ്ടെത്തി റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമ റാവു പറഞ്ഞു.

ദുരന്തനിവാരണ സേനയും ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും പ്രളയബാധിത പ്രദേശത്ത് സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്. 

Content Highlight: Heavy Rain In Hyderabad