ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയും പ്രളയവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത മഴയില്‍ വന്‍ നാശനഷ്ടമുണ്ടായത്. 

ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലുമാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. ഇരുസംസ്ഥാനങ്ങളിലുമായി ഇതുവരെ അന്‍പതിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും അകപ്പെട്ട് നിരവധി പേരെ കാണാതായി. ഇതുസംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇതുവരെ ലഭ്യമല്ല. 

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറിയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് 17 പേര്‍ മരണപ്പെട്ടു. ഇവിടെ നിരവധിപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരെ എയര്‍ലിഫ്റ്റിലൂടെ ആശുപത്രിയിലെത്തിച്ചു. 

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ ഇതുവരെ 22 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. ഷിംല,കുളു,മാണ്ഡി മേഖലകളാണ് പ്രളയത്തില്‍ മുങ്ങിപ്പോയത്. പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചുപ്പോയി ഗതാഗതം തടസപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളുവിലും മണാലിയിലും നിരവധിപേര്‍ കുടുങ്ങികിടക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ടെന്നാണ് വിവരം. കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലുണ്ടായതുമാണ് വന്‍നാശത്തിന് വഴിയൊരുക്കിയത്. ദുരന്തബാധിത മേഖലകളില്‍ ദുരന്തബാധിത മേഖലകളില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മുതല്‍ കനത്ത മഴ തുടരുകയാണ്. പഞ്ചാബിലെ ജലന്ധറിലെ പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. യമുനാ നദിയില്‍ ജലനിരപ്പുയരുന്നതിനാല്‍ ഡല്‍ഹിയില്‍ നദിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. അടുത്ത രണ്ടുദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

Content Highlights: heavy rain and flood in northern states; death toll rises in himachal pradesh and uttarakhand