സിര്‍മൗര്‍: കനത്ത മഴയില്‍ ഹിമാചലില്‍ മിന്നല്‍പ്രളയത്തിന് പിന്നാലെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. മലയിടിഞ്ഞ് ചണ്ഡിഗഢ്-മണാലി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

സിര്‍മൗറിലെ പവോണ്ട സാഹിബ് പ്രദേശവുമായി ഷിലായിയെ ബന്ധിപ്പിക്കുന്ന ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു. ഉരുള്‍പൊട്ടലിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ലാഹൗള്‍-സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തദ്ദേശവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 204 പേര്‍ കുടുങ്ങിക്കിടക്കുന്നതായി ഹിമാചല്‍ പ്രദേശ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ഈ ആഴ്ച ലാഹൗള്‍-സ്പിതി ജില്ലയിലെ ആറ് പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

ഇതിനെത്തുടര്‍ന്ന്, താത്കാലിക പാലങ്ങള്‍ സജ്ജീകരിക്കാന്‍ ആര്‍മി ആന്‍ഡ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനോട് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. ലാഹൗള്‍-സ്പിതി ജില്ലയിലെ ഉദയ്പുരില്‍ കനത്ത മഴയില്‍ ഒരാള്‍ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തിരുന്നു.

Content Highlights: Heavy landslide in himachal pradesh completely blocking highway 707 video