രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ|File Photo: Mathrubhumi
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വമ്പന്തകര്ച്ചയ്ക്കു പിന്നാലെ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പടനീക്കം. പ്രചാരണത്തിനു പോലും പോകാത്ത വേണുഗോപാല്‍, പൂര്‍ണ പരാജയമാണെന്നാണ് ജി-23 നേതാക്കള്‍ ആരോപിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതില്‍ കനത്തനിരാശ ആ ക്യാമ്പിലുണ്ട്. പാര്‍ട്ടിക്ക് അകത്ത് അസ്വസ്ഥത പുകയുകയാണ്. പ്രധാനമായും തിരുത്തല്‍വാദി ശക്തികളായ ജി-23 നേതാക്കളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.
വെള്ളിയാഴ്ച, ജി-23 നേതാക്കളുടെ യോഗം ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്നിരുന്നു. മനീഷ് തിവാരി, കപില്‍ സിബല്‍, ഭൂപേന്ദര്‍ സിങ് ഹൂഡ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കൃത്യമായൊരു തന്ത്രം ഇവര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം. കാരണം, കോണ്‍ഗ്രസിന് നിലവില്‍ ഒരു പൂര്‍ണസമയ അധ്യക്ഷനില്ല. അതുകൊണ്ടുതന്നെ ഒരു സ്ഥിരം അധ്യക്ഷനെ നിയോഗിക്കേണ്ടത് അനിവാര്യതയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനാണ് ജി-23 നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
സമവായം എന്ന നിലയില്‍ ഗാന്ധികുടുംബം മുന്നോട്ടുവെക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്കും ജി-23 എത്തിച്ചേര്‍ന്നിട്ടുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോത്തിനെ ദേശീയ അധ്യക്ഷനാക്കാനുള്ള നീക്കം ഒരുവശത്ത് നടക്കുന്നുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുള്ള നീക്കം മറ്റൊരിടത്തും നടക്കുന്നുണ്ട്. ഈ രണ്ടു നീക്കത്തെയും അംഗീകരിക്കേണ്ടതില്ലെന്നാണ് ജി 23 നേതാക്കളുടെ തീരുമാനം.
കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനമാണ് ജി-23 യോഗത്തിലുണ്ടായത്. ഒരു സ്ഥലത്തുപോലും പ്രചാരണത്തിന് പോകാത്ത ഒരു നേതാവിനെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയാക്കേണ്ട കാര്യമുണ്ടോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ആ സ്ഥാനത്ത് വേണുഗോപാല്‍ തികഞ്ഞ പരാജയമാണെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു. ഇത് ഉള്‍പ്പെടെ സമൂലമാറ്റം ആവശ്യപ്പെട്ടുള്ള നീക്കമായിരിക്കും വരുംദിവസങ്ങളില്‍ ജി-23 നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തുകയെന്നാണ് സൂചന. അടുത്തുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ആ യോഗത്തില്‍ നിശിതവിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ പരോക്ഷമായി രംഗത്തുവരുന്ന സാഹചര്യമുണ്ട്.
Content Highlights: heavy criticism against kc venugopal over election defeat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..