ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന പിന്തുണയെ പ്രതിരോധിക്കാന്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ വക സെലിബ്രിറ്റികള്‍ എന്ന് സര്‍ക്കാരിന് അനുകൂലിച്ച് രംഗത്തെത്തിയവരെ അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നടത്തിയ ട്വീറ്റിനോടുള്ള പ്രതികരണമായി ആയിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതിയും വെള്ളവും ഇന്റര്‍നെറ്റും തടഞ്ഞപ്പോഴും ബിജെപി ഗുണ്ടകള്‍ അവര്‍ക്കുനേരെ കല്ലെറിഞ്ഞപ്പോഴും ഈ വന്‍കിട സെലിബ്രിറ്റികള്‍ എല്ലാം നിശബ്ദരായിരുന്നു. എന്നാല്‍ ഇപ്പോള്‍ റിഹാനയും ഗ്രെറ്റ ത്യുന്‍ബെയുമെല്ലാം പ്രതികരിച്ചപ്പോള്‍ പെട്ടെന്ന് അവര്‍ക്കെല്ലാം ശബ്ദം തിരിച്ചുകിട്ടിയിരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ വക സെലബ്രിറ്റികള്‍!, പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോപ് താരം റിഹാനയും പിന്നീട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗം ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് എന്നിങ്ങനെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചാരണം ആരംഭിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര, കായിക താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡില്‍നിന്നു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും കായിക മേഖലയില്‍ നിന്ന് വിരാട് കോലി, സച്ചിന്‍, കുംബ്ലെ തുടങ്ങിയവരും ട്വിറ്റര്‍ പ്രചാരണത്തിന്റെ ഭാഗമായി.

ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നായിരുന്നു സച്ചിന്റെ പ്രതികരണം.'പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്‍ക്കാം', സച്ചിന്‍ ട്വീറ്റ് ചെയ്തു.

Content Highlights: Heartless Sarkari Celebs- Prashant Bhushan responds to Tendulkar's tweet on farmer protests