ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി. ജോലിക്കിടയില്‍ കോവിഡ് പിടിപെട്ട് ക്വാറന്റീനില്‍ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ശമ്പളം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, ത്രിപുര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് ഉത്തരവ് നടപ്പിലാക്കാനുള്ള അധികാരമില്ലേ എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആരാഞ്ഞത്.

ജോലിക്കിടയില്‍ കോവിഡ് പിടിപെട്ട് ക്വാറന്റീനില്‍ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം ഉറപ്പാക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും ക്വാറന്റീന്‍ കാലയളവ് ശമ്പളം ഇല്ലാത്ത അവധിയായാണ് ആശുപത്രി അധികൃതര്‍ പരിഗണിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഓഗസ്റ്റ് 10 ന് പരിഗണിക്കാനായി  മാറ്റി.

content highlights: healthworkers should get their salaries without delay, says Supremecourt to centre