ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. എന്നാല്‍ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്‌സിന്‍ പാഴാകുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു ശതമാനം പോലും വാക്‌സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്‌സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെറിയ സംസ്ഥാനങ്ങള്‍ക്ക് എട്ട് മുതല്‍ ഒന്‍പത് ദിവസത്തിനിടെ വാക്‌സിന്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ വലിയ സംസ്ഥാനങ്ങള്‍ക്ക് 15 ദിവസത്തിനിടെയാണ് വാക്‌സിന്‍ എത്തിക്കുന്നത്. 13.10 കോടി ഡോസ് വാക്‌സിനുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത്. 11.43 കോടി ഡോസുകള്‍ വിവിധ സംസ്ഥാനങ്ങള്‍ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസുകള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മാന്ത്രാലയ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 89.51 ശതമാനം പേരും രോഗമുക്തി നേടി. 1.25 ശതമാനം പേര്‍ മരിച്ചു. 9.24 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകള്‍.

എന്നാല്‍ പുതിയ കേസുകളുടെ കാര്യമെടുത്താല്‍ മുമ്പത്തെ ഉയര്‍ന്ന കണക്കുകള്‍ പലതും ഭേദിച്ചുകഴിഞ്ഞു. കേസുകള്‍ വര്‍ധിക്കുകയാണ്. ആശങ്ക ഉണ്ടാക്കുന്നതാണ് സ്ഥിതിവിശേഷം. പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയിലെ സ്ഥിതിയാണ് അതീവ ഗുരുതരം. ഉത്തര്‍പ്രദേശിന്റെ കാര്യമെടുത്താല്‍ ശരാശരി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 89 ല്‍നിന്ന് 10,000 ആയി വര്‍ധിച്ചിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Content Highlights: Health Ministry slams states for mismanaging COVID vaccines