ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. കേരളത്തിന് പുറമേ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഇനിമുതല്‍ മോദിയുടെ ചിത്രം ഒഴിവാക്കിയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. 

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസാണ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് വിശദീകരണം തേടിയ ശേഷമാണ് നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ വിലയിരുത്തി ചിത്രം നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാരും ബിജെപിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. കോവിഡ് മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തര്‍ എന്നിവരുടെ ബഹുമതി തട്ടിയെടുക്കാനാണ് മോദിയുടെ ശ്രമമെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു. 

content highlights: Health Ministry Decides to Remove PM Modi's Photo from Vaccine Certificates in Poll-bound Assemblies