Representational image | Photo : AFP
ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന വിദഗ്ധ സമിതി ശുപാർശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ഇതോടെ രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതി. ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ രണ്ടാമത്തെ ഡോസ് എടുക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. അതേസമയം കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.
കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്സിൻ എടുക്കേണ്ടതുള്ളൂ. നിലവിൽ കോവിഡ് മുക്തരായവർക്ക് 12 ദിവസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാം. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതിയെന്നാണ് കേന്ദ്ര വിദഗ്ധ സമിതിയുടെ നിർദേശം. .
ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ എടുക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാമെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അധ്യക്ഷനായ വാക്സിൻ വിദഗ്ധ സമിതി നിർദേശിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതിനിടെയാണ് കോവിഷീൽഡ് വാക്സിന്റെ ഇടവേള കേന്ദ്രസർക്കാർ കൂട്ടിയത്.
content highlights:Health Ministry Accepts Proposal To Increase Gap Between 2 Covishield Doses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..