ബെംഗളൂരു:  ബിജെപിയുമായി ചേരുന്നതിന് തന്റെ പാര്‍ട്ടിക്ക് വിമുഖതയൊന്നുമില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ ഇത്തരത്തിലുള്ള മറുപടി. 

നടക്കാനിരിക്കുന്ന 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കാനായില്ലെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമാകും. ഇത് കൂടി കണക്കിലെടുത്താണ് ബിജെപിക്ക് പിന്തുണ വേണ്ടി വരുകയാണെങ്കില്‍ അവരെ പിന്തുണക്കുന്നതിന് മടിക്കില്ലെന്ന സൂചന കുമാരസ്വാമി നല്‍കിയത്.

ശിവസേനയുമായി സഖ്യമുണ്ടാക്കിയവര്‍ ആ സമയത്ത് ജെഡിഎസിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി. 

മഹാരാഷ്ട്രിയിലെ സംഭവവികാസങ്ങളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്. ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരാണ് എന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു.

എല്ലാ പാര്‍ട്ടികളും അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവസരവാദ രാഷ്ട്രീയമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജെഡിഎസിനെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2006-ല്‍ ജെഡിഎസ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കിലും 20 മാസത്തിന് ശേഷം സഖ്യം വഴിപിരിഞ്ഞിരുന്നു. പാര്‍ട്ടിയുടെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു അന്ന് ജെഡിഎസ് സഖ്യത്തില്‍ നിന്ന് പിന്മാറിയത്.

Content Highlights: HD Kumaraswamy says not averse to BJP tie-up