കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണിത്.

കൂച്ച് ബെഹാറില്‍ രഥയാത്ര നടത്താനായിരുന്നു അമിത് ഷായുടെ നീക്കം. എന്നാല്‍, വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്രയ്ക്ക് കൂച്ച് ബെഹാര്‍ പോലീസ് സൂപ്രണ്ട് അനുമതി നല്‍കിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു. രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

കൂച്ച് ബെഹാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ അക്രമം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരും ജില്ലയിലെത്തുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

മൂന്ന് റാലികള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. റാലിക്കിടെ സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്വം ആര്‍ക്കായിരിക്കുമെന്ന് കോടതി ചോദിച്ചു. രഥയാത്ര സമാധാനപരം ആയിരിക്കുമെന്ന് ബി.ജെ.പി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും വ്യക്തമാക്കി.

Content Highcourt: Amit Shah's yatra, Calcutta High Court, West Bengal