
Photo: Pics4news
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്കുന്നതില് വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. സന്ദേശം അരോചകമാണെന്നും ആവശ്യത്തിന് വാക്സിന് ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്സിന് എടുക്കാന്‍ അഭ്യര്‍ഥിക്കുന്നത് എത്രകാലം തുടരുമെന്നും കോടതി ആരാഞ്ഞു.
നിങ്ങള്‍ ആളുകള്‍ക്ക് വാക്സിന് നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്സിന് എടുക്കൂ എന്ന്. വാക്സിനേഷന് ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്സിന് ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്- ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.
വാക്സിന് എല്ലാവര്ക്കും നല്‍കണം. ഇനി നിങ്ങള്‍ പണം ഈടാക്കാന്‍ പോവുകയാണെങ്കില്‍ കൂടിയും വാക്സിന് നല്‍കണം. കുട്ടികള്‍ പോലും അത് തന്നെയാണ് പറയുന്നത്- കോടതി പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്സിനേഷന് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്കുന്ന പരിപാടികള്‍ ടെലിവിഷന്‍ അവതാരകരെ ഉപയോഗിച്ച് തയ്യാറാക്കി എല്ലാ ചാനലിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി നിര്‍ദേശിച്ചു.
കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരസ്യപ്രചാരണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. ഇത്തവണ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
content highlights: delhi HC criticises "irritating" dialer tune asking people to get vaccinated when there is no vaccination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..