മമതാ ബാനർജി, ജഗ്ദീപ് ധൻഖർ| Photo: ANI
കൊല്‍ക്കത്ത: ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗവര്‍ണര്‍ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ ആരോപിച്ചു. ഗവര്‍ണറെക്കുറിച്ച് പ്രധാനമന്ത്രിക്ക് നിരവധി കത്തുകള്‍ എഴുതിയെന്നും മമത പറഞ്ഞു.
'വാക്കുകള്‍ ചെവിക്കൊള്ളാതെ ഗവര്‍ണര്‍ എല്ലാവരേയും ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ കഷ്ടപ്പെടുകയാണ്. പല ഫയലുകളും അദ്ദേഹം നോക്കിയിട്ടില്ല. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. നയപരമായ തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹത്തോട് എങ്ങനെ സംസാരിക്കാനാകും. - മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗവര്‍ണറെക്കുറിച്ച് പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ഫോണുകള്‍ ടാപ്പുചെയ്യുന്നുവെന്നും സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡയറക്ടര്‍ ജനറലിനെയും ഭീഷണിപ്പെടുത്തുന്നു എന്നും അവര്‍ ആരോപിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഗവര്‍ണറെ നീക്കാത്തതെന്ന് ചോദിച്ച മമതാ ബാനര്‍ജി അദ്ദേഹം ഫോണുകള്‍ ടാപ്പ് ചെയ്യുന്നുവെന്നും ആരോപിച്ചു.
എന്നാല്‍, മമത ബാനര്‍ജിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ, ഗവര്‍ണറുടെ ചുമതലകള്‍ വ്യക്തമാക്കുന്ന ഭരണഘടനയുടെ 159-ാം അനുച്ഛേദത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
Content Highlights: Have blocked Governor Jagdeep Dhankhar's Twitter account, says West Bengal CM Mamata Banerjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..