ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ കൊല ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇര ആയിരുന്നുവെന്ന് സി.ബി.ഐ. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ക്കുമെതിരെ കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം ഉള്ള കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ സി.ബി.ഐ. ചുമത്തി.
ഹാഥ്‌റസ് കേസിലെ പ്രതികളായ സന്ദീപ്, ലവ് കുശവ്, രവി, രാമു എന്നിവര്‍ക്ക് എതിരെയാണ് സി.ബി.ഐ. വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്തൊന്‍പതുകാരി ആയ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നും ആയിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്ന ഉത്തര്‍പ്രദേശ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ടാണ് ഉത്തര്‍പ്രദേശ് പോലീസ് ഉദ്ധരിച്ചിരുന്നത്.
എന്നാല്‍ ഇരയായ പെണ്‍കുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന് സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. നാലു പ്രതികളെയും അഹമ്മദാബാദില്‍ കൊണ്ടുപോയി സി.ബി.ഐ. ബ്രെയിന്‍ മാപ്പിങ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കുറ്റപത്രത്തില്‍ കൂട്ടബലാത്സംഗ വകുപ്പ് ചുമത്തിയത്. സെപ്റ്റംബര്‍ 14-നാണ് പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.
Content Highlights: Hathras Victim Was Gang-Raped, Killed says CBI