ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്ന് ഉത്തര്‍പ്രദേശ് പോലീസ്. ആദ്യ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറഞ്ഞില്ല, പ്രതി സന്ദീപ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് മൊഴി നല്‍കിയതെന്നും പോലീസ്. 

രണ്ടാമത്തെ മൊഴി നല്‍കിയത് സെപ്റ്റംബര്‍ 22നാണ് ഇതില്‍ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു. 

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് സെപ്റ്റംബര്‍ 14നാണ്. അലിഗഡിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം കഴിഞ്ഞ മാസം 19നാണ് ആദ്യ മൊഴി നല്‍കിയത്. ആ മൊഴിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായകാര്യം പറഞ്ഞിട്ടില്ല എന്നാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം 22നാണ് രണ്ടാമത്തെ മൊഴി നല്‍കിയത്.

ആ മൊഴിയിലാണ് ബലാത്സംഗത്തിന്റെ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമൊഴിയില്‍ സന്ദീപ് എന്ന വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് മാത്രമാണെന്നും പോലീസ് പറയുന്നു. നാല് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ രണ്ടാമത്തെ മൊഴി. രണ്ടാമത് മൊഴിയെടുക്കുമ്പോള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂടെയുണ്ടായിരുന്നു.

നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നതിന് അപ്പുറം മറ്റ് കാര്യങ്ങള്‍ പറയാന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്നും ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു. 

പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നും പോലീസ് ആരോപണം ഉന്നയിച്ചു. 

എന്നാല്‍ ആദ്യമൊഴിയില്‍ തന്നെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കാര്യം വെളിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. 

മാതൃഭൂമി ന്യൂസ് നേരത്തെ പുറത്തുവിട്ട വീഡിയോയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് വ്യക്തമായി പറയുന്നുണ്ട്. സെപ്റ്റംബര്‍ 22നാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന്‌ കൂടുതല്‍ സമയം നീട്ടി നല്‍കി. 10 ദിവസമാണ് നീട്ടി നല്‍കിയത്. നേരത്തെ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

Content Highlight: Hathras  rape victim gave 2 statements, alleged gang rape : UP police