ലഖ്‌നൗ: ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പോലീസ് സംസ്‌കരിച്ചത് ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി. ഹാഥ്‌റസ് കേസ് പോലീസ് കൈകാര്യം ചെയ്ത രീതിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പെണ്‍കുട്ടി ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ ജില്ലാ ഭരണകൂടവും പോലീസും ഇതേമാര്‍ഗമാകുമോ അവലംബിക്കുക എന്ന് കോടതി ആരാഞ്ഞു. പ്രദേശത്തെ ക്രമസമാധാന പ്രശ്‌നം പരിഗണിച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം അന്നുതന്നെ സംസ്‌കരിച്ചതെന്ന് ജില്ലാ ഭരണകൂടവും പോലീസും അവകാശപ്പെട്ടിരുന്നു.
'പെണ്‍കുട്ടി ഒരു സമ്പന്ന കുടുംബാംഗമാണെങ്കില്‍ എന്തുചെയ്യും? ശവസംസ്‌കാരം ഇതേ രീതിയില്‍ തന്നെയാണോ നിങ്ങള്‍ നടത്തുക?' കോടതി ജില്ലാ മജിസ്‌ട്രേറ്റിനോട് ചോദിച്ചു. മൃതദേഹം പുലര്‍ച്ചെ സംസ്‌കരിച്ചതിന്റെ ഉത്തരവാദിത്വം ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ഏറ്റെടുത്തു.
സംസ്ഥാനഭരണകൂടത്തിന്റെ ഇടപെടല്‍ നടന്നതായി ആരോപണം ഉയര്‍ന്നതിനാല്‍ ഒക്ടോബര്‍ ഒന്നിന് ഹാഥ്‌റസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമ്പോള്‍ തന്നെ വിഷയം അതീവഗൗരവമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടേയും മാനുഷികവും മൗലികവുമായ അവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്നും കോടതി പറഞ്ഞു.
കുടുംബാംഗങ്ങളെ വീട്ടില്‍ പൂട്ടിയിടുകയും മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത പോലീസ് നടപടിയെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വിശ്വാസ പ്രകാരം രാത്രി സംസ്‌കാരം പാടില്ലെന്ന് അറിയിച്ച കുടുംബാംഗങ്ങള്‍ പോലീസ് നീക്കത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല.
സുപ്രീംകോടതിയുടെ 1995-ലെ ഉത്തരവ് പരാമര്‍ശിച്ച കോടതി ഭരണഘടന അനുച്ഛേദം 21 പ്രകാരം ജീവിക്കാനുളള അവകാശത്തിനൊപ്പം തന്നെ അന്തസ്സോടെയിരിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. മൃതദേഹത്തോട് ആദരവോടെ പെരുമാറണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വന്തം മകളുടെ മൃതദേഹമായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംസ്‌കരിക്കാന്‍ നിങ്ങള്‍ അനുമതി നല്‍കുമായിരുന്നോയെന്ന് എഡിജിപി പ്രശാന്ത് കുമാറിനോടും കോടതി ചോദിച്ചു.
ഹാഥ്‌റസ് സംഭവത്തില്‍ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ?, പോലീസ് ഹിന്ദുആചാരങ്ങള്‍ പാലിച്ചിട്ടുണ്ടോ?, നിയമലംഘനം നടന്നിട്ടുണ്ടോ തുടങ്ങി മൂന്നുകാര്യങ്ങളാണ് കോടതി പരിശോധിക്കുന്നത്. കേസ് കോടതി നവംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. യു.പി.അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി., ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ്, എസ്.പി., എ.ഡി.ജി.പി. എന്നിവര്‍ക്ക് ഹൈക്കോടതി സമന്‍സ് അയച്ചിരുന്നു.
Content Highlights:Hathras rape case : What if the girl was from a rich family? asks high court