ന്യൂഡല്‍ഹി:ഹാഥ്‌റസ് കേസ് ഞെട്ടല്‍ ഉളവാക്കുന്നതും അനന്യസാധാരണമായ സംഭവവും ഭീകരവും ആണെന്ന് സുപ്രീം കോടതി. കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി. സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഹാഥ്‌റസ് കേസില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നല്‍കിയത്. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പിക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന്റെ വിശദമായ വിവരം കോടതിക്ക് സത്യവാങ്മൂലത്തിലൂടെ കൈമാറാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇരയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം ആവശ്യമാണോ എന്നും അറിയിക്കണം. കുടുംബം ആവശ്യപ്പെട്ടാല്‍ സീനിയറും ജൂനിയറും ആയ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കും എന്നും സുപ്രീം കോടതി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് തെറ്റായ പല അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അത് ഒഴിവാക്കുന്നതിനായി കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം എന്ന ആവശ്യം പിന്തുണയ്ക്കുന്നതായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  എന്നാല്‍ ഉന്നാവോ കേസിലെ പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ നിയമ പ്രകാരം കേസ് എടുക്കണ മെന്നും ജയ്സിംഗ് വാദിച്ചു.

ഹാഥ്‌റസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി മൃതദേഹം സംസ്‌കരിച്ചത് എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.  ഹാഥ്‌റസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

Content Highlights:Hathras rape case : There is no doubt this is shocking says Supreme court