മുംബൈ: സമൂഹത്തിലെ വിഭിന്ന മേഖലകളിലുളള ആളുകളോടുളള സമീപനത്തില്‍ കേന്ദ്രം ഇരട്ടത്താപ്പുകാണിക്കുന്നുവെന്ന് ശിവസേന. മുംബൈയിലെ അഭിനേത്രിക്ക് വൈ-പ്ലസ്‌കാറ്റഗറി സുരക്ഷ നല്‍കുന്ന കേന്ദ്രം ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് ഒരു സഹായവും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ബോളിവുഡ് താരം കങ്കണയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ശിവസേന ആരോപിച്ചു. 

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെയുളള ശിവസേനയുടെ രൂക്ഷവിമര്‍ശനം. ഹാഥ്‌റസില്‍ നിന്നുളള ഒരു പാവം കുടുംബത്തെ അവഗണിക്കുക എന്നുളളത്  ഭരണഘടനയ്ക്ക് അനുസൃതമാണോയെന്ന് ശിവസേന ചോദിക്കുന്നു. ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണിയുണ്ട്, അവര്‍ ഭയത്തോടെയാണ് കഴിയുന്നത്. ഇവര്‍ക്ക് വൈ പ്ലസ് സുരക്ഷ ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

ഒരു അഭിനേത്രിക്ക് കേന്ദ്രം വൈ-പ്ലസ് സുരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ഹാഥ്‌റസിലെ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് യാതൊന്നും ലഭിക്കുന്നില്ല. ഇത് തുല്യനീതിയല്ല. ഇത് ഡോ.ബി.ആര്‍.അംബേദ്കറുടെ ഭരണഘടനയ്ക്ക് അനുസൃതമല്ല. ഹാഥ്‌റസ് സംഭവം പലരുടേയും മുഖംമൂടി തുറന്നുകാട്ടി.' മുഖപ്രസംഗത്തില്‍ പറയുന്നു.

ഇരയുടെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഭവത്തില്‍ സി.ബി.ഐ.അന്വേഷണം ശുപാര്‍ശ ചെയ്ത തീരുമാനത്തേയും ശിവസേന ചോദ്യം ചെയ്യുന്നുണ്ട്. 'ഹാഥ്‌റസ് കേസില്‍ സി.ബി.ഐ. എന്തുചെയ്യുമെന്ന് ആശ്ചര്യപ്പെടുന്നു. മൃതദേഹം ദഹിപ്പിക്കുക വഴി തെളിവുകള്‍ നശിപ്പിക്കുകയാണ് യുപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഉന്നതോദ്യോഗസ്ഥരുടെ അനുവാദം വാങ്ങാതെ ഹാഥ്‌റസ് പോലീസ് ഇപ്രകാരം ചെയ്യുമോ? സംഭവിച്ചതെല്ലാം എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണ്. 

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയെ ഇകഴ്ത്തി കാട്ടാന്‍ ശ്രമിച്ചവര്‍ ഹാഥ്‌റസ് സംഭവത്തില്‍ സ്വയം കുഴിയില്‍ വീണെന്നും ശിവസേന പരിഹസിച്ചു.

Content Highlights: Hathras Rape case: Shiv Sena criticises Centre for its double standards