ലഖ്നൗ: ഹാഥ്റസ് ബലാത്സംഗക്കൊലയില്‍ കുറ്റാരോപിതരായ നാലു പേരില്‍ ഒരാള്‍ക്ക് സ്കൂള്‍ റെക്കോഡുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യാ ടുഡെയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്കൂള്‍ റെക്കോഡുകള്‍ ചോദിച്ചു വാങ്ങിയിരുന്നു. ഇന്ത്യാടുഡെക്ക് ലഭിച്ചിരിക്കുന്ന മാര്ക്ക്ലിസ്റ്റിന്റെ ചിത്രം അനുസരിച്ച് ഉത്തര്‍പ്രദേശിലെ ബോര്‍ഡ് ഓഫ് ഹൈസ്കൂള്‍ ആന്‍ഡ് ഇന്റര്‍മീഡിയറ്റ് എജുക്കേഷന്‍ നടത്തിയ 2018-ലെ ഹൈസ്കൂള്‍ പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റാണ് സി.ബി.ഐയുടെ കൈവശമുളളത്. ഇതില്‍ പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/ 12/ 2002 എന്നാണ്.
മകന് പതിനെട്ട് തികയുന്നതേയുളളൂവെന്ന് പ്രതിയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്. 'മാര്‍ക്ക് ഷീറ്റിനൊപ്പം മകന്റെ ഏതാനും വസ്ത്രങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി. മകന് പ്രായപൂര്‍ത്തിയായിട്ടില്ല.'
ഹാഥ്റസ് കേസിലെ നാലുപ്രതികളും നിലവില്‍ അലിഗഡ് ജയിലിലാണ്. തിങ്കളാഴ്ച എട്ടു മണിക്കൂറോളം സി.ബി.ഐ. ഇവരെ ചോദ്യം ചെയ്തിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെയും ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും സി.ബി.ഐ. തിങ്കളാഴ്ച കണ്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളേയും മണിക്കൂറികളോളം സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബര്‍ 14-നാണ് പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ നാലു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് പുലര്‍ച്ചെ മൃതദേഹം സംസ്കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Content Highlights:Hathras rape case: One of the accused is minor according to his scholl records