ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതികരണവുമായി യുഎന്‍. രാജ്യത്ത് പിന്നാക്ക സാമൂഹിക വിഭാഗങ്ങളില്‍പെട്ടവര്‍  ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാനുളള സാധ്യത കൂടുതലാണെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഹാഥ്‌റസിലെയും ബലറാംപുരിലേയും സംഭവങ്ങളെന്ന് യു.എന്‍.അഭിപ്രായപ്പെട്ടു. 

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണമെന്നും ഇരയുടെ കുടുംബങ്ങള്‍ക്ക് സമയബന്ധിതമായ നീതി, സാമൂഹിക പിന്തുണ, കൗണ്‍സലിങ്, ആരോഗ്യസംരക്ഷണം, പുനരധിവാസം, ശാക്തീകരണം എന്നിവ തേടുന്നതിനുളള അധികാരം ഉണ്ടെന്നും യുഎന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തിട്ടുളള നടപടികള്‍ സ്വാഗതാര്‍ഹവും അടിയന്തരപ്രധാന്യമുളളതുമാണ്.കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ  ആഹ്വാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ലിംഗാധിഷ്ഠിത അക്രമങ്ങളിലേക്ക് നയിക്കുന്ന സാമൂഹികരീതികളും പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും പെരുമാറ്റവും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനും സമൂഹത്തിനും പിന്തുണ നല്‍കുന്നത് യുഎന്‍ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന രാജവ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് ഇക്കാര്യത്തില്‍ യുഎന്‍ ആശങ്ക  അറിയിച്ചിരിക്കുന്നത്.

Content Highlights: Hathras is a reminder that those from disadvantaged social groups are at greater risk of gender based violence