നോയിഡ: നോയിഡയില്‍ പ്രിയങ്ക ഗാന്ധിയെ പോലീസുകാരന്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പോലീസ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ നിയമിച്ചതായും നോയിഡ പോലീസ് അറിയിച്ചു. 

ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ ശനിയാഴ്ച രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുമൊപ്പം നടത്തിയ യാത്രയ്ക്കിടയിലാണ് പ്രിയങ്കക്കെതിരേ കൈയേറ്റമുണ്ടായത്. തടിച്ചുകൂടിയ പ്രവര്‍ത്തകരെ തടയാനായി യു.പി പോലീസ് ഡിഎന്‍ഡി ഫ്‌ളൈഓവറിനു സമീപം വലിയ തോതില്‍ പോലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെടുന്നതിനിടെയാണ് ഒരു പുരുഷ പോലീസുകാരന്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. 

പ്രിയങ്കയ്‌ക്കെതിരേയുള്ള പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യു.പി പോലീസിനെതിരേ വിവിധ കോണുകളില്‍നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൈയേറ്റത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് നോയിഡ പോലീസിന്റെ ട്വിറ്റര്‍ പേജിലും നിരവധി പേര്‍ കടുത്ത വിമര്‍ശനവുമായെത്തി. ഇതിന് പിന്നാലെയാണ് നോയിഡ പോലീസ് സംഭവത്തില്‍ അഗാധമായ ഖേദം രേഖപ്പെടുത്തുന്നതായി ട്വീറ്റ് ചെയ്തത്. 

സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും നോയിഡ പോലീസ് വിശദീകരിച്ചു.

content highlights: Hathras incident: Noida Police issues apology to Priyanka