ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 20 കാരിയുടെ മൃതദേഹം അര്‍ധരാത്രി കുടുംബത്തെ ബന്ധികളാക്കി പോലീസ് സംസ്‌കരിച്ച സംഭവത്തിനെതിരെ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാനത്തിന്റെ പേരിലാണെങ്കില്‍ പോലും ഇരയോടും അവളുടെ കുടുംബത്തിനോടുമുള്ള മനുഷ്യാവകാശ ലംഘനമാണ് പ്രഥമദൃഷ്ട്യാ ഉണ്ടായിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. 

ഹാഥ്‌റസില്‍ കൂട്ടബലാത്സംഗക്കൊലയ്ക്കിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ടശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് ഇത്തരത്തിലൊരു നിരീക്ഷണം.

സംസ്‌കാരം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പോലീസിന്റെ പങ്ക് പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി കൊല്ലപ്പെട്ട സ്ത്രീക്ക് മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസൃതമായി ശവസംസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞു. അവളുടെ കുടുംബം നിര്‍വഹിക്കേണ്ടതാണ് ഇതെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന നടപടി ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്രതികളെ അനുകൂലിക്കുന്ന വിഭാഗവും ചില രാഷ്ട്രീയനേതാക്കളും പെണ്‍കുട്ടിക്കെതിരേ പരാമര്‍ശം നടത്തിയിരുന്നു. പെണ്‍കുട്ടിക്ക് ചില മോശം കൂട്ടുകെട്ടുകളുണ്ടെന്നും ധാരാളം പേരുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ചില ആരോപണങ്ങള്‍ ഇതിനിടെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് കുടുംബം കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ്.

Content Highlights: Hathras Cremation "Rights Violation" Of Woman, Her Family-High Court