ചണ്ഡീഗഡ്: സംസ്ഥാനത്ത് ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും പാസ്പോർട്ട് ലഭ്യമാക്കുമെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പാസ്പോർട്ട് നൽകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും വിദ്യാർഥിനികൾ പഠിക്കുന്ന കോളേജിൽ വെച്ച് തന്നെ പൂർത്തിയാക്കുമെന്നും ഖട്ടർ പ്രഖ്യാപിച്ചു.

സ്കൂൾ, കോളേജ്, ഐഐടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് ലേണിങ് ലൈസൻസ് അനുവദിക്കുന്നതിനും ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഹർ സിർ ഹെൽമറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരിപാടിയിൽ അഞ്ച് പേർക്ക് പ്രതീകാത്മകമായി ഹെൽമറ്റ് വിതരണവും ഖട്ടർ നിർവഹിച്ചു.

സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്നതിനോടൊപ്പം വാഹനമോടിക്കാനുള്ള ലൈസൻസ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടർ ആവശ്യപ്പെട്ടു. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ, സേവ് വാട്ടർ ഫോർ ദ ഫ്യൂച്ചർ, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ പദ്ധതികളെല്ലാം സംസ്ഥാനത്ത് വിജയകരമായി തുടരുന്നതായും ഖട്ടർ പറഞ്ഞു.

റോഡുകളിൽ സ്വന്തം ജീവൻ സുരക്ഷിതമാക്കുന്നതിനെ കുറിച്ചുള്ള സന്ദേശമാണ് ഹർ സിർ ഹെൽമറ്റ് എന്ന പദ്ധതി മുന്നോട്ട് വെയ്ക്കുന്നതെന്നും ഖട്ടർ സൂചിപ്പിച്ചു. അന്താരാഷ്ട്ര ഹെൽമറ്റ് നിർമാണക്കമ്പനിയായ സ്റ്റഡുമായി സഹകരിച്ച് പാർലമെന്റംഗം സഞ്ജയ് ഭാട്ടിയയാണ് ഹെൽമറ്റ് വിതരണപരിപാടി സംഘടിപ്പിച്ചത്. 100 ലധികം പേർക്ക് ഈ പരിപാടിയിലൂടെ ഹെൽമറ്റ് വിതരണം നടത്തി.