ചണ്ഡീഗഡ്: സംസ്ഥാന മന്ത്രിമാര്‍ക്ക് വീട്ടുവാടകയ്ക്കായി നല്കുന്ന ബത്ത ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ഹരിയാണ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് തുക വര്‍ധിപ്പിച്ചത്.
ഈയിടെ നടന്ന നിമയസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ജെ.ജെ.പി സഖ്യമന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബത്ത വര്‍ധിപ്പിച്ചത്.
ഒപ്പം, പ്രവാസികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബി.ജെ.പി ഹരിയാണയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. നിലവില്‍ ഖട്ടാര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാണ് ദുഷ്യന്ത് ചൗട്ടാല.
content highlights: Haryana ministers to now get House Rent Allowance of Rs 1 lakh per month