ചണ്ഡിഗഡ്: ഡീസല്‍, പെട്രോള്‍ വിലകളിലെ വാറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനും ബസ് ചാര്‍ജ്  വര്‍ധിപ്പിക്കാനും ഹരിയാണ സര്‍ക്കാര്‍ തീരുമാനിച്ചു. ബസ് ചാര്‍ജ് കിലോമീറ്ററിന് 15 പൈസ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ബസ്സുകളുടെ പ്രവര്‍ത്തന നഷ്ടം ഭാഗികമായെങ്കിലും പരിഹരിക്കാന്‍ ഓഡിനറി, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകളിലെ നിരക്ക് കിലോമീറ്ററിന് 85 പൈസ എന്നുള്ളത് 1 രൂപയായി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ബസുകളുടെ പ്രവര്‍ത്തന ചിലവ് 2016 ജൂണില്‍ ഒരു കിലോമീറ്ററിന് 37.48 രൂപയായിരുന്നുവെന്നും ഇത് 2019 ഡിസംബറില്‍ 52.23 രൂപയായി ഉയര്‍ന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. 2010-11ല്‍ നടത്തിയ 25 ശതമാനം വര്‍ധനയ്ക്കും 2012-13ല്‍ 20 ശതമാനം വര്‍ധനയും കണക്കിലെടുക്കുമ്പോള്‍ എത്രയോ കുറവാണ് ഇപ്പോഴത്തെ ബസ് ചാര്‍ജ്‌ വര്‍ധനയെന്നും പ്രസ്താവനയില്‍ പറയുന്നു. 

ഡീസല്‍, പെട്രോള്‍ വിലകളിലെ വാറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനും മന്ത്രിസഭ അനുമതി നല്‍കി. പെട്രോളിന് ഒരു രൂപയും ഡീസലിന് 1.1 രൂപയുമാണ് നികുതി നിരക്ക് കൂട്ടിയത്‌. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ചെലവുചുരുക്കലിന്റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള ബസ്സുകളും അടിയന്തിര ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഒഴികെ കാറുകളും ജീപ്പുകളും ഉള്‍പ്പെടെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

പഴങ്ങളും പച്ചക്കറികളും മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന് ഒരു ശതമാനം മാര്‍ക്കറ്റ് ഫീസും ഹരിയാന ഗ്രാമവികസന ഫണ്ട് സെസും ചുമത്താനും തീരുമാനിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കുകയാണെന്നും എന്നാല്‍ ബിജെപി-ജെജെപി സര്‍ക്കാര്‍ നേരെ മറിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Content Highlights: Haryana government decides to hike bus fare, VAT on diesel, petrol prices