ചണ്ഡീഗഡ്: പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാല അറസ്റ്റില്‍. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് വികാസിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന കുറ്റവും ചുമത്തി.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വികാസിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ ചണ്ഡീഗഡിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥയുടെ മകളെ വികാസ് ബറാല രാത്രി പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കേസില്‍ വികാസ് ബറേല (23), അദ്ദേഹത്തിന്റെ സുഹൃത്ത് അനീഷ് കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദ്ദേശം ഇരുവര്‍ക്കും നല്‍കിയത്.

വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് ബുധനാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പരിശോധനയ്ക്കാന്‍ രക്ത സാമ്പിള്‍ അടക്കമുള്ളവ ശേഖരിക്കാന്‍ യുവാക്കള്‍ അനുവദിച്ചില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, പരാതിക്കാരിയായ പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയാണെന്നും കേസ് അന്വേഷണത്തെ ഒരുതരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും വ്യക്തമാക്കി ഹരിയാ ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാല രംഗത്തെത്തിയിരുന്നു. യുവാക്കള്‍ തന്നെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച വിവരം ഫെയ്സ് ബുക്കിലൂടെയാണ് പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചത്.

തനിക്ക് നേരിട്ട ദുരനുഭവം രാജ്യത്തെ ഏത് പെണ്‍കുട്ടിക്കും ഉണ്ടാകാമെന്നും ബലാത്സംഗത്തിന് ഇരയാകാതിരുന്നതും കൊല്ലപ്പെടാതിരുന്നതും ഭാഗ്യംകൊണ്ട് മാത്രമാണെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു.