ചണ്ഡീഗഢ്: ബി.ജെ.പി. നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടര്‍ സഹപ്രവര്‍ത്തകനോട് കയര്‍ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. 

ഒരു റാലിക്കിടെ കോടാലിയും കൈയിലേന്തി നില്‍ക്കുന്നതിനിടെയാണ് ഹരിയാന മുഖ്യമന്ത്രി സഹപ്രവര്‍ത്തകനോട് രൂക്ഷമായ ഭാഷയില്‍ കയര്‍ത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വാഹനത്തില്‍നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ദേഹത്തിന് സ്വര്‍ണനിറമുള്ള കോടാലി കൈമാറിയിരുന്നു. തുടര്‍ന്ന് കോടാലിയും കൈയിലേന്തി പ്രസംഗം തുടരുന്നതിനിടെ പിന്നില്‍നില്‍ക്കുകയായിരുന്ന മറ്റൊരു ബി.ജെ.പി. നേതാവ് മുഖ്യമന്ത്രിയുടെ തലയില്‍ കിരീടമണിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇതിനെ എതിര്‍ക്കുകയും ബി.ജെ.പി നേതാവിനെ ശകാരിക്കുകയുമായിരുന്നു. 

എന്താണ് നിങ്ങള്‍ ഈ കാണിക്കുന്നതെന്നും നിങ്ങളുടെ തല വെട്ടുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.തുടര്‍ന്ന് നേതാവിനോട് മാറിനില്‍ക്കാനും ആക്രോശിച്ചു. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തില്‍ ഭയന്ന ബി.ജെ.പി. നേതാവ് അദ്ദേഹത്തോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. 

ദേഷ്യവും അഹങ്കാരവും ആരോഗ്യത്തിന് ഹാനികരമെന്നാണ് വീഡിയോ പങ്കുവെച്ച് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ രോഷപ്രകടനത്തെ ന്യായീകരിക്കുന്നവിധത്തിലായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. എന്റെ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്റെ തലയില്‍ കിരീടമണിയിച്ചു, അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിലുള്ള സംസ്‌കാരം ഞങ്ങള്‍ അവസാനിപ്പിച്ചതാണ്. അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ ദേഷ്യപ്പെട്ടു- മനോഹര്‍ ലാല്‍ ഘട്ടര്‍ വ്യക്തമാക്കി. കിരീടമണിയിച്ച വ്യക്തി ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന് മോശമായി ഒന്നും തോന്നിയിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

രോഷപ്രകടനത്തിന്റെ പേരില്‍ നേരത്തെയും ഹരിയാന മുഖ്യമന്ത്രി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. കര്‍ണാലില്‍ ഒരു പരിപാടിക്കിടെ സെല്‍ഫി എടുക്കാനെത്തിയ യുവാവിനെ മുഖ്യമന്ത്രി തള്ളിമാറ്റിയ സംഭവം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 

Content Highlights: Haryana CM Manohar lal Khattar threatens to chop off BJP leader’s head With axe in hand