ചണ്ഡീഗഢ്: കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ജനങ്ങളുടെ ജീവന്‍കൊണ്ട് കളിക്കരുത്, കോവിഡ് മഹാമാരിയുടെ കാലത്തെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കണമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ നിന്ന് ഡഹിയിലേക്ക് മാര്‍ച്ച നടത്തിയ കര്‍ഷകരെ ഹരിയാണയില്‍ പോലീസ് തടഞ്ഞിരുന്നു. അംബാലയില്‍ പോലീസ് ബാരിക്കേഡ് മറികടന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതിനെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയതാണ് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വിമര്‍ശനത്തിന് പശ്ചാത്തലമായത്. 

കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ശ്രമിച്ച തനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ ട്വീറ്റ് ചെയ്തു. 'കഴിഞ്ഞ മൂന്ന് ദിവസമായി നിങ്ങളെ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ലഭ്യമാവാതിരിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. ഇത്ര ഗൗരവത്തോടെയാണോ നിങ്ങള്‍ കര്‍ഷകപ്രശ്‌നങ്ങളെ സമീപിക്കുന്നത്? നിങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയുമാണ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്?'ഖട്ടാര്‍ ചോദിച്ചു. മിനിമം താങ്ങുവില ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ താന്‍ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവും അദ്ദേഹം ആവര്‍ത്തിച്ചു. ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിക്കരുത്, നിഷ്‌കളങ്കരായ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖട്ടാര്‍ പറഞ്ഞു. 

കര്‍ഷകമാര്‍ച്ചിനെ ഹരിയാണയില്‍ തടഞ്ഞ നടപടിയെ നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വിമര്‍ശിച്ചിരുന്നു. കര്‍ഷകരെ തടയേണ്ട ആവശ്യമെന്തായിരുന്നുവെന്ന് ചോദിച്ച അമരീന്ദര്‍ സിങ് പ്രതിഷേധം തുടരാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ അപലപിച്ച അമരീന്ദര്‍ സിങ് പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് പോലീസ് അടിച്ചമര്‍ത്തുന്നതെന്നും കുറ്റപ്പെടുത്തി. 

'എന്തിനാണ് ഹരിയാണയിലെ ഖട്ടാര്‍ സര്‍ക്കാര്‍ കര്‍ഷകരെ തടഞ്ഞത്? സമാധാനപരമായി പ്രതിഷേധിച്ചിരുന്ന കര്‍ഷകര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമം ജനാധിപത്യവിരുദ്ധവും ഭരണണഘടനാലംഘനവുമാണ്. രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരുടെ കരങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്, വലിച്ചെറിയുകയല്ല. കഴിഞ്ഞ രണ്ട് മാസമായി കര്‍ഷകര്‍ പഞ്ചാബില്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് ഈ കര്‍ഷകരെ എന്തിനാണ് തടഞ്ഞത്. ദേശീയപാതയിലൂടെ പ്രതിഷേധവുമായി കടന്നുപോവാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലേ?' അമരീന്ദര്‍ സിങ് ചോദിച്ചു. ഇതിനുള്ള പ്രതികരണമായാണ് വിലകുറഞ്ഞ രാഷ്ട്രീയകളികള്‍ക്കുള്ള സമയമല്ല ഇതെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രതികരിച്ചത്. 

പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായെത്തിയ ആയിരക്കണക്കിന് കര്‍ഷകരെ പോലീസ് ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സമരം തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. ഇത് കര്‍ഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാണ അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിരുന്നു. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

Content Highlights: Haryana CM Khattar asks Punjab’s Amarinder Singh to ‘stop inciting farmers’