ഛണ്ഡീഗഢ്: ഹരിയാണയില്‍ ബിജെപി-ജെജെപി സഖ്യ സര്‍ക്കാരില്‍ 10 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്തില്‍ ആറ് പേര്‍ കാബിനറ്റ്  മന്ത്രിമാരായും നാല് പേര്‍ സഹമന്ത്രിമാരായിട്ടുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സന്ദീപ് സിങ്ങും സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 

ഇതോടെ  മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയുമടക്കം മന്ത്രിസഭയില്‍ 12 അംഗങ്ങളായി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നരൈന്‍ ആര്യയാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ വിജും കാബിനറ്റ് മന്ത്രിയായിട്ടുണ്ട്. കലായത് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ കമലേഷ് ധാന്ദയാണ് മന്ത്രിസഭയിലെ ഏക വനിതാ അംഗം. 10 പുതിയ മന്ത്രിമാരില്‍ എട്ട് പേര്‍ ബിജെപിയില്‍ നിന്നും ഒരാള്‍ ജെജെപിയില്‍ നിന്നുമാണ്. ഒരു സ്വതന്ത്രനും മന്ത്രിയായിട്ടുണ്ട്. മനോഹര്‍ ലാല്‍ ഖട്ടാറും ദുഷ്യന്ത് ചൗട്ടാലയും ഒക്ടോബര്‍ 27-ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Content Highlights: Haryana cabinet expansion-10 ministers including senior BJP leader Anil Vij take oath