ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധസമരത്തിനിടെ മരിക്കാനിടയായ കര്‍ഷകരെ സംബന്ധിച്ച് ഹരിയാണ കൃഷിമന്ത്രി നടത്തിയ പരാമര്‍ശം വിവാദത്തില്‍. കര്‍ഷകര്‍ സ്വന്തം വീടുകളില്‍ തന്നെയായിരുന്നുവെങ്കിലും മരിക്കുമായിരുന്നു എന്ന മന്ത്രി ജെ.പി. ദലാലിന്റെ പരാമര്‍ശമാണ് സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് വഴിതെളിച്ചത്. വിവാദമായതിനെ തുടര്‍ന്ന് ദലാല്‍ പിന്നീട് മാപ്പു പറയുകയും ചെയ്തു. 

കര്‍ഷകരുടെ മരണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. "തങ്ങളുടെ വീടുകളിലായിരുന്നെങ്കില്‍ അവര്‍ മരിക്കില്ലായിരുന്നോ? അവിടെയായിരുന്നെങ്കിലും കര്‍ഷകര്‍ മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേര്‍ക്കിടയില്‍ ആറ് മാസക്കാലത്തിനിടെ ഇരുന്നൂറോളം പേര്‍ മരിക്കുന്നത് സാധാരണമല്ലേ?"-പുഞ്ചിരിയോടെ ദലാല്‍ ചോദിച്ചു. "ചിലര്‍ ഹൃദയാഘാതം മൂലവും ചിലര്‍ മറ്റസുഖങ്ങള്‍ മൂലവുമാണ് മരിച്ചത്. മരിച്ചവരോട് എനിക്ക് അങ്ങേയറ്റം സഹതാപമുണ്ട്". മന്ത്രി കൂട്ടിച്ചേര്‍ത്തു. ദലാലിന്റെ മറുപടി ഒപ്പമുണ്ടായിരുന്നവരില്‍ ചിരി പടര്‍ത്തുകയും ചെയ്തു. 

'കര്‍ഷകരനുഭവിക്കുന്ന ദുരിതം മനസിലാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിയുന്നില്ല, അതേ സമയം അവരെ പരിഹസിക്കുകയും ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് ദീപക് ഖത്രി ദലാലിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെച്ചത്. 

മണിക്കൂറുകള്‍ക്ക് ശേഷം തന്റെ പ്രതികരണം തെറ്റായ രീതിയില്‍ വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു എന്ന വാദമുയര്‍ത്തി ദലാല്‍ വീണ്ടും രംഗത്തെത്തി. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ താനതിന് മാപ്പ് പറയുന്നതായും കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനം താനിനിയും തുടരുമെന്നും ദലാല്‍ കൂട്ടിച്ചേര്‍ത്തു. 

നിര്‍വികാരനായ ഒരാള്‍ക്ക് മാത്രമേ അന്നദാതാക്കളായ കര്‍ഷകര്‍ക്കെതിരേ ഇത്തരത്തില്‍ പ്രതികരിക്കാനാവൂ എന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കര്‍ഷക സഹോദരങ്ങളുടെ ത്യാഗത്തെ പരിഹസിക്കുന്ന വിധത്തിലുള്ള മന്ത്രിയുടെ പ്രതികരണം ദുഃഖിപ്പിക്കുന്നതാണെന്ന് ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് രാജ് കുമാര്‍ വെര്‍ക്കയും ദലാലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു. 

 

Content Highlights: Haryana Agriculture Minister JP Dalal's embarrassing statement about farmers