ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിദ്ദു നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഹരിഷ് റാവത്ത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ സിദ്ദു ജനപ്രിയ നേതാവാണെന്നും ഹരിഷ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് ആരാണെന്നത് ഉടന്‍ തീരുമാനിക്കും. എന്നിരുന്നാലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് സിദ്ദു ആയിരിക്കും.  ചരണ്‍ജിത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ചരണ്‍ജിത് സിങ് ഛന്നി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ പരാമവധി ശ്രമിക്കും. എന്നാല്‍ അന്തിമതീരുമാനം അമരീന്ദറിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഹരിഷ് റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സുനില്‍ ഝക്കർ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിദ്ദു നയിക്കുമെന്ന പ്രസ്താവന അമ്പരിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായ സുനില്‍ ഝക്കറിന്റെ പേരും നേരത്തെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 

Content Highlights:  Harish Rawat Says Upcoming Punjab Polls To Be Fought Under 'very Popular' Sidhu