അലഹബാദ്: ബിജെപി നേതാക്കള്‍ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍. ശനിയാഴ്ച്ച ഗാന്ധിനഗറില്‍ നടക്കുന്ന റാലിയില്‍ ചില ബിജെപി നേതാക്കളെ പിടിച്ചുലയ്ക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ഹര്‍ദിക് അറിയിച്ചിരിക്കുന്നത്.

എന്തിനെക്കുറിച്ചാണെന്നോ ആരെക്കുറിച്ചാണെന്നോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സ്‌ഫോടനം സൃഷ് ടിക്കുന്ന വിവരങ്ങളാകും അതെന്നും ഹര്‍ദിക് പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു. ഗാന്ധിനഗറിലെ മാന്‍സയിലാണ് ശനിയാഴ്ച്ച റാലി നടക്കുക. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ജന്മദേശമാണ് മാന്‍സ. 

ഹര്‍ദിക് പട്ടേലിന്റേതെന്ന് അവകാശപ്പെട്ട് ചില സെക്‌സ് ടേപ്പുകള്‍ ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഹര്‍ദിക്. ബിജെപിയുടെ വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണിതെന്നാണ് ഹര്‍ദിക് അനുയായികള്‍ ആരോപിക്കുന്നത്‌.

എന്നാല്‍, ബിജെപിയല്ല ടേപ്പുകള്‍ക്ക് പിന്നിലുള്ളതെന്നും പട്യാദാര്‍ വിഭാഗത്തിനിടയിലെ ഭിന്നതയാണ് ദൃശ്യങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. 

content highlights: Hardik Patel, gujarath, bjp,congress, mansa, gandhinagar, sextape