ഹാർദിക് പട്ടേൽ
ന്യൂഡല്‍ഹി: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു. ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം അദ്ദേഹം അറിയിച്ചത്.
''എന്റെ തീരുമാനം കൂടെയുള്ളവരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.'' ഗുജറാത്തിനായി ഇനിയുള്ള കാലം പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി
"ഇന്ന് ഞാൻ ധീരമായി കോൺഗ്രസ് പാർട്ടി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നു. എന്റെ തീരുമാനത്തെ എല്ലാ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഭാവിയിൽ ഗുജറാത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു." ഹാർദിക് ട്വീറ്റ് ചെയ്തു.
ഗുജറാത്ത് കോണ്‍ഗ്രസില്‍ തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഹാര്‍ദിക് പട്ടേലിന് നേരത്തെയുണ്ടായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലും തന്നെ ക്ഷണിക്കാറില്ലെന്നും തീരമാനങ്ങള്‍ അറിയിക്കാറില്ലെന്നും ആരോപിച്ചിരുന്നു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലെത്തുന്നത്. എന്നാല്‍ വൈകാതെ തന്നെ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു.
വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തമൊന്നും തന്നെ പാര്‍ട്ടി ഇതുവരെ ഏല്പിച്ചില്ലെന്നായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ പരാതി. എന്തെങ്കിലും ഉത്തരവാദിത്തങ്ങള്‍ തരൂവെന്ന് പാര്‍ട്ടി നേതൃത്വത്തോട് അങ്ങോട്ട് ആവശ്യപ്പെടുന്ന ആദ്യ രാഷ്ട്രീയക്കാരന് താനായിരിക്കുമെന്നും ഹാര്‍ദിക് കുറ്റപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശ്നം തുടങ്ങിയതോടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നും കോണ്‍ഗ്രസ് എന്ന പേര് ഹാര്‍ദിക് പട്ടേല്‍ ഒഴിവാക്കിയിരുന്നു.
പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ നിരവധി തവണ ബന്ധപ്പെട്ടതുമാണ്. എന്നാല്‍ പരിഹാരമാവാത്തതോടെയാണ് ഒടുവില്‍ രാജിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.
അദ്ദേഹം ബി.ജെ.പി.യില്‍ ചേരുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എതായാലും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങാനിരിക്കേ ഹാര്‍ദിക് പട്ടേലിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..