ഹർദിക് പട്ടേൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട പട്ടേല്‍വിഭാഗം നേതാവ് ഹര്‍ദിക് പട്ടേല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. രാവിലെ 11 മണിയോടെയാണ് സംസ്ഥാന ബി.ജെ.പി. ഓഫീസില്‍ അനുയായികള്‍ക്കൊപ്പം ഹര്‍ദിക് ബി.ജെ.പി.യില്‍ ചേര്‍ന്നത്. കാവി ഷാളും തൊപ്പിയും ധരിപ്പിച്ച് ബിജെപി നേതാക്കള്‍ ഹര്‍ദിക് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി മോദിക്ക് കീഴില്‍ ഒരു ചെറിയ സൈനികനായി തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് ബിജെപിയില്‍ ചേരും മുമ്പായി ഹര്‍ദിക് ട്വീറ്റ് ചെയ്തു.
'ഞാന്‍ ഒരിക്കലും ഒരു പദവിക്കും വേണ്ടി ആരുടെയും മുന്‍പില്‍ ആവശ്യമുന്നയിച്ചിട്ടില്ല. പ്രവര്‍ത്തിക്കാനാണ് ഞാന്‍ ബിജെപിയില്‍ ചേരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റ് പാര്‍ട്ടികളുടെ നേതാക്കളോട് ബിജെപിയില്‍ വന്ന് ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി മോദി ലോകത്തിന്റെ മുഴുവന്‍ അഭിമാനമാണ്' ഹര്‍ദിക് ട്വീറ്റില്‍ കുറിച്ചു.
ഇതിനിടെ ഹര്‍ദിക്കിന്റെ പാര്‍ട്ടി പ്രവേശനത്തില്‍ ബി.ജെ.പി.ക്കുള്ളില്‍ അസ്വസ്ഥത പുകയാന്‍ തുടങ്ങി. ബി.ജെ.പി.ക്കും ആര്‍.എസ്.എസിനുമെതിരേ 2015 മുതല്‍ നിശിതവിമര്‍ശനമുയര്‍ത്തിയ ഹര്‍ദിക്കിനെ പാര്‍ട്ടി അംഗമാക്കുന്നതില്‍ ബി.ജെ.പി.യുടെ ഗുജറാത്ത് ഘടകത്തിനുള്ളില്‍ ശക്തമായ വിയോജിപ്പുണ്ട്. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ തുറന്ന എതിര്‍പ്പുയര്‍ത്താന്‍ സംസ്ഥാന നേതാക്കള്‍ തയ്യാറായിട്ടില്ല.
2015-ല്‍ സംവരണവിഷയമുയര്‍ത്തി പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വംനല്‍കി പൊതുരംഗത്തെത്തിയ പാട്ടിദാര്‍ സമുദായ നേതാവായ ഹര്‍ദിക് പട്ടേല്‍ 2019-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2020-ല്‍ ഗുജറാത്ത് സംസ്ഥാനകമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റായി. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.
Content Highlights: Hardik Patel Joins BJP Days After Quitting Congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..