മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നുവെന്ന് പാടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. രാഹുലിനെ നേരത്തെതന്നെ കാണാതിരുന്നത് തെറ്റായിപ്പോയി. കണ്ടിരുന്നുവെങ്കില്‍ ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേറുന്നത് തടയാന്‍ കഴിയുമായിരുന്നുവെന്നും ഹാര്‍ദിക് പറഞ്ഞു.

രാഹുല്‍ഗാന്ധിയുമായി നേരത്തെതന്നെ കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഗുജറാത്തില്‍ പ്രതിപക്ഷം കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമായിരുന്നുവെന്നും ഹാര്‍ദിക് പറഞ്ഞു.

182 അംഗ നിയമസഭയില്‍ 99 സീറ്റു നേടിയാണ് ഗുജറാത്ത് ബിജെപി നിലനിര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പാടിദാര്‍ സംവരണം സംബന്ധിച്ച ഉറപ്പ് ലഭിച്ച ശേഷമാണ് പാടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറായത്. ഇത് തെറ്റായിപ്പോയെന്ന വെളിപ്പെടുത്തലുമായാണ് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയിട്ടുള്ളത്.