അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ 19 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുതിര്‍ന്ന പാടിദാര്‍ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണിത്. പട്ടേല്‍ സംവരണം ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, അറസ്റ്റിലായ അനുയായികളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിരാഹാര സമരം.

തന്നെ കൊല്ലാന്‍ ആഗ്രിക്കുന്നവരുടെ കൈയിലെ ഉപകരണമാകാനില്ലെന്ന് നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി മരിക്കാന്‍ തയ്യാറാണ്. എന്നാല്‍, തന്നെ ജീവനോടെ കാണാനാണ് അനുയായികള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  ജലപാനം പൂര്‍ണ്ണമായി നിര്‍ത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 25 നാണ് ഹര്‍ദിക് പട്ടേല്‍ നിരാഹാര സമരം തുടങ്ങിയത്. കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേര്‍ ഹര്‍ദികിന് പിന്തുണയുമായി സമര പന്തലിലെത്തിയിരുന്നു. ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞു.