ലക്ക്‌നൗ: നോട്ട് അസാധുവാക്കല്‍ ആഭ്യന്തര ഉത്പാദന സൂചികയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ഏറ്റവും പുതിയ വിവരങ്ങളെ മുന്‍നിര്‍ത്തി അമര്‍ത്യസെന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തിയുള്ളതാണ് 'ഹാര്‍ഡ് വര്‍ക്ക്' എന്ന് പറഞ്ഞു കൊണ്ടാണ് മോദി അമര്‍ത്യസെന്നിന് നേരെ വിമര്‍ശന ശരങ്ങള്‍ എയ്തത്.

'ഒരു വശത്ത് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ആളുകളെ ഉദ്ധരിച്ചു കൊണ്ട് നോട്ട് അസാധുവാക്കലിനെ ചിലര്‍ വിമര്‍ശിക്കുന്നു, മറുവശത്ത് പാവപ്പെട്ടവരുടെ മക്കള്‍ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്നു' - മോദി പറയുന്നു. അതു കൊണ്ട് തന്നെ കഠിനാധ്വാനം ഹാര്‍വാര്‍ഡ് ബിരുദത്തേക്കാള്‍ ശക്തിയേറിയതാണെന്നാണ് മോദി ആവര്‍ത്തിച്ചത്. 

വിശ്വാസം അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയുടെ വേരിനെ തന്നെ ഇല്ലാതാക്കിയ തന്നിഷ്ടപ്രകാരമുള്ള തീരുമാനമാണ് നോട്ട്‌ അസാധുവാക്കല്‍ എന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്സ്റ്റി പ്രൊഫസറും നോബല്‍ ജേതാവുമായ അമര്‍ത്യസെന്‍ ഏതാനും ദിവസം മുമ്പ് നിരീക്ഷിച്ചിരുന്നു

എന്നാല്‍, ജി ഡി പി വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ 7.1% അധികമാണെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച്ച വിശദീകരിച്ചു. 6.8 % എന്ന ചൈനീസ് ജി ഡി പി വളര്‍ച്ചയേക്കാള്‍ കൂടുതലാണിത്.

നോട്ട് അസാധുവാക്കല്‍ ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതുതായി പുറത്തു വന്ന ജി ഡി പി വിവരങ്ങള്‍കാണിക്കുന്നത്.